ഉജ്ജയിനി(മധ്യപ്രദേശ്): ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജല്‍ശക്തി സമ്മേളനത്തിന് ഉജ്ജയിനി വേദിയാകും. 27 മുതല്‍ 29 വരെ ശിപ്ര നദിയുടെ തീരത്താണ് ലോകമെമ്പാടും നിന്നുള്ള നദീസംരക്ഷണപ്രവര്ത്തകരും ഗവേഷകരും ഒത്തുചേരുന്ന സമ്മേളനം നടക്കുന്നത്.
കേന്ദ്ര ജല്‍ശക്തി മന്ത്രാലയവും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ് സുജലം എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍. മൂന്ന് ദിവസത്തെ സമ്മേളനം ജലശക്തിയുടെ പ്രാധാന്യവും പവിത്രതയും വിനിയോഗവും ചര്‍ച്ച ചെയ്യും. നദികള്‍ക്ക് പവിത്രത കല്പിക്കുന്ന ഭാരതീയമായ കാഴ്ചപ്പാട് ലോകത്തിനു മുന്നില്‍ സമ്മേളനം അവതരിപ്പിക്കും. നദീതടസംസ്കൃതികളെപ്പറ്റിയും നാടന്‍ കലാ പാരമ്പര്യത്തെപ്പറ്റിയും പ്രഭാഷണങ്ങള്‍ ഉണ്ടാകും.
27ന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്താണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 28ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 29ന് സമാപന സമ്മേളനത്തില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, കേന്ദ്ര വ്യോമയാന ഗതാഗത വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പങ്കെടുക്കും.
പ്രകൃതിയുടെ ആധാരങ്ങളായ ഭൂമി, അഗ്നി, വായു, ജലം, ആകാശം എന്നീ പഞ്ചമഹാഭൂതങ്ങളെ മുന്‍നിര്‍ത്തി ആരംഭിച്ച സുമംഗളം എന്ന സമ്മേളനപരമ്പരയുടെ ഭാഗമായാണ് ജല്‍ശക്തി മന്ത്രാലയം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ആകാശം, വായു സമ്മേളനങ്ങള്‍ ഡെറാഡൂണിലും ഭുവനേശ്വറിലുമായി കഴിഞ്ഞ മാസങ്ങളില്‍ നടന്നു.
പൃഥ്വി (ഭൂമി) സമ്മേളനനം ജനുവരി 8, 9 തീയതികളിലായി കാശിയില്‍ നടക്കും. അഗ്നി സമ്മേളനത്തിന് ബെംഗളൂരു വേദിയാകും. ജനുവരി 28, 29 തീയതികളില്‍ വിജ്ഞാന് ഭാരതിയുമായി ചേര്‍ന്നാണ് അഗ്നി ത്രിദിന സമ്മേളനം നടത്തുന്നത്. സുമംഗളം സമ്മേളന പരമ്പരയുടെ സമാപനം മാര്‍ച്ച് 3, 4 തീയതികളിലായി ദല്‍ഹിയിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: