ഗുവാഹതി: സാല്മരച്ചുവട്ടിലെ ഉത്സവങ്ങള്‍ക്കായി നാല് നാള് ആസാമിലെ ഗോത്രജനത രാംപൂര്‍ ഗ്രാമത്തില്‍. നാടകവും നാടന്‍ നൃത്തവുമായി എല്ലാവര്‍ഷവും ഡിസംബറിലാണ് പൈതൃകകലകള്ക്ക് ഗോല്‍പാര ജില്ലയിലെ രാംപൂരില്‍ അരങ്ങൊരുങ്ങുന്നത്. കാട് അമ്മയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 15ന് ഉത്സവത്തുടി ഉയര്‍ന്നത്. നാളെ അവസാനിക്കും.
കാടിനുള്ളില്‍ തുറന്ന വേദിയൊരുക്കിയാണ് കലാപരിപാടികള്‍. വെളിച്ചത്തിനും ശബ്ദത്തിനുമടക്കം ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇവിടെ ഇടമില്ല. കാടിന്റെ കല, കാടിന്റെ താളം, കാടിന്റെ നാദം വനവാസി ജനതയുടെ കലാ സമര്‍പ്പണം. രാഭ ഗോത്രജനതയുടെ വീരചരിത്രം പറയുന്ന ഋഷി ജൊലോങ്ക എന്ന നാടകത്തോടെയാണ് ഇക്കുറി ഉത്സവത്തിന് തിരിതെളിഞ്ഞത്. പതിമൂന്നു വര്‍ഷമായി തുടര്‍ന്നുവരുന്ന ഈ നാടോടി ഉത്സവത്തിന് തുടക്കമിട്ട ബദുങ്ഡുപ്പ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ ശുക്രാചാര്യ രാഭയുടെ ശിഷ്യന് ധനഞ്ജയ് രാഭയാണ് ഋഷി ജൊലോങ്കയുടെ സംവിധായകന്.
2008ലാണ് ഗുരു കനയ്യലാലിന്റെ പ്രേരണയില്‍ ശുക്രാചാര്യ തനത് ഉത്സവത്തിന് ആദ്യമായി വേദിയൊരുക്കിയത്. 2018ല്‍ അദ്ദേഹം അന്തരിച്ചതിന് ശേഷം ദൗത്യം ഭാര്യ ചീമ രാഭ ഏറ്റെടുത്തു. ഇത്തവണ ആസാമിലെ ഗോത്രകലാപ്രതിഭകള്ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള വനവാസി കലാരൂപങ്ങളും അവതരിപ്പിക്കുന്നുണ്ട്. അനസൂയ ശുഭസിംഗെയുടെ മൈ സ്വീറ്റ് റോട്ടന്‍ ഹെറിട്ടണ്സ് ആണ് ശ്രീലങ്കയില്‍ നിന്ന് അവതരിപ്പിക്കുന്ന നാടകം.
മുന്‍കാലങ്ങളില്‍ ദക്ഷിണകൊറിയ, ബ്രസീല്‍, പോളണ്ട്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രകലാരൂപങ്ങളും രാംപൂരിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാവുക എന്നതല്ല സ്വന്തം വേരില്‍ വളരുകയും പടരുകയുമാണ് ഈ പ്രകൃത്യുത്സവത്തിന്റെ സന്ദേശവും ലക്ഷ്യവുമെന്ന് ചീമ രാഭ പറഞ്ഞു. നാട് കാടിനുള്ളിലേക്ക് ഒഴുകുന്നത് കലയുടെ മാസ്മരികതയിലാണ്. കാടിന്റെ ജീവിതമാണ് നാടിന്റെയും അടിസ്ഥാനമെന്ന് ആസാം ജനത തിരിച്ചറിയുന്നു എന്നതാണ് സാല്മരക്കാടുകളിലേക്ക് എല്ലാവര്‍ഷവും എത്തിച്ചേരുന്ന ആസ്വാദകരുടെ വലിയ കൂട്ടം ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: