വെറും 16 കോടിയില്‍ നിര്‍മ്മിച്ച് ബോക്സോഫീസില്‍ 450 കോടി ക്ലബ്ബിലേക്ക് കയറിയ കാന്താര രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ്. ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച റിഷഭ് ഷെട്ടിയ്ക്ക് രജനീകാന്ത് ഉള്‍പ്പെടെ മിക്കവാറും ഇന്ത്യയിലെ മിക്ക ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു.
96 ദിവസത്തോളം കാന്താരയുടെ ചിത്രീകരണത്തിനായി ചെലവഴിച്ചെന്നും അതില്‍ ഏതാണ്ട് 55 ദിവസത്തോളം 18 മണിക്കൂറോളം ജോലി ചെയ്തെന്നും റിഷഭ് പറഞ്ഞു.ഒരൊറ്റ സിനിമ കൊണ്ട് ഇന്ത്യയാകെ അറിയപ്പെട്ട റിഷഭ് ഷെട്ടി ഇപ്പോള്‍ കാന്താരായ്ക്ക് ഒരു രണ്ടാം ഭാഗം വേണമെന്ന് ചിന്തിച്ചുതുടങ്ങിയതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കന്നടയിലെ ഒരു പ്രാദേശിക ടിവി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നല്ലൊരു വിശ്വാസി കൂടിയായ റിഷഭ് ഷെട്ടി കാന്താര 2 ന്റെ പണികള്‍ തുടങ്ങുന്നതിന് മുന്‍പ് പഞ്ചുരുളി ദേവന്റെ അനുമതി തേടിയതായാണ് കന്നട ടിവി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. മാത്രമല്ല, പഞ്ചുരുളി ദൈവം കാന്താരയ്ക്ക് രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയതായും പറയപ്പെടുന്നു.
മാംഗളൂരുവിലെ പ്രാന്തപ്രദേശത്ത് ഒരു ഭൂത കോലച്ചടങ്ങില് വിജയ് കിര്ഗണ്ടൂരിനൊപ്പം റിഷഭ് ഷെട്ടി പങ്കെടുത്തിരുന്നു.
റിഷഭ് ഷെട്ടി പഞ്ചുരുളി ദൈവത്തെ കാണുന്നു; കന്നടയിലെ പബ്ലിക് ടിവി പുറത്തുവിട്ട വീഡിയോ:
കാദ്രി മഞ്ചുനാഥേശ്വര ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതന് കൃഷ്ണ അഡിഗയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്. റിഷഭ് ഷെട്ടി പഞ്ചുരുളി ദൈവത്തോട് സംസാരിക്കുന്നതിന്റെ വീഡിയോയും ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്.
സെപ്റ്റംബര്‍ 30ന് കാന്താരയുടെ കന്നഡ പതിപ്പാണ് ആദ്യം പുറത്തുവന്നത്. പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്. കന്നട സിനിമയുടെ സാധ്യത മനസ്സിലാക്കിയാണ് നടന് പൃഥ്വിരാജ് ഇതിന്റെ മലയാളം ഡബ്ബിംഗ് പതിപ്പിന്റെ അവകാശം വിലയ്ക്ക് വാങ്ങിയിരുന്നു. മലയാളത്തിലും വന്‍ കളക്ഷനാണ് കാന്താര നേടിയത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമേ രണ്ടാം ഭാഗത്തിന്റെ പണി ആരംഭിക്കൂ എന്നറിയുന്നു.
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച കാന്താരയില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറെ നാള് മുന്‍പ് രജനീകാന്ത് നേരിട്ട് റിഷഭ് ഷെട്ടിയെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ഈയിടെ ധനുഷും രംഗത്തെത്തി. അന്തം വിട്ടുപോകുന്ന ചിത്രമാണ് കാന്താര. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്. അസാധാരണവുമായ ഒരു ചിത്രമാണ് കാന്താര എന്നാണ് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: