കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.സി.കെ. ശ്രീധരന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം. വീട്ടിലെ ഒരംഗത്തെപ്പോലെ കണ്ട ശ്രീധരന് ഇവരെ ചതിച്ചെന്നും ഇരുകുടുംബങ്ങളും അറിയിച്ചു.
വീടുമായി ഏറെ അടുപ്പം പുലര്‍ത്തി ശ്രീധരന് ഉണ്ടായിരുന്ന ഫയലുകളെല്ലാം പരിശോധിച്ചു. കേസിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും ഇയാള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ഇരു കുടുംബങ്ങളും അറിയിച്ചു. ഇക്കാര്യം സിബിഐയോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. ശ്രീധരന് വക്കാലത്ത് ഏറ്റെടുത്തത്. ഒന്നാം പ്രതി പീതാംബരന്, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, 22 ഉം 23 ഉം പ്രതികളായ രാഘവന് വെളുത്തോളി, കെ.വി. ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരന് വാദിക്കുന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ അടുത്തിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായി ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു.
കൊല നടന്നതിന് പിന്നാലെ പീതാംബരനെ പുറത്താക്കിയെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി രണ്ടിന് സിബിഐ സ്പെഷ്യല്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കേ പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുത്താണ് അഡ്വ. സികെ ശ്രീധനെ പീതാംബരന് വേണ്ടി ഏര്‍പ്പാടാക്കുകയായിരുന്നു. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: