ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉക്രൈനുമായുള്ള സംഘര്‍ഷം നയന്ത്രത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും മോദി പുടിനെ ഉപദേശിച്ചു.
ഊര്‍ജ്ജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ സഹകരണം തുടങ്ങി ഇരുരാജ്യങ്ങളും സഹകരിക്കുന്ന പ്രധാന മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തി. ജി20യുടെ അധ്യക്ഷപദവി ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ഊന്നല്‍കൊടുക്കുന്ന പ്രധാന മേഖലകളെക്കുറിച്ച് മോദി പുടിനെ ധരിപ്പിച്ചു.
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (എസ് സിഒ) അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയും റഷ്യയും ഒന്നിച്ചു സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാളുകള്‍ അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പുടിന് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ വര്‍ഷം ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് പ്രധാനമന്ത്രി റഷ്യയിലേക്ക് പോകുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഫോണ്‍ സംഭാഷണം. കഴിഞ്ഞ വര്‍ഷം ഈ ഉച്ചകോടിക്ക് പുടിന് ഇന്ത്യയില്‍ എത്തിയിരുന്നു. യുഎസിന്റെയും ഉക്രൈന്റെയും യൂറോപ്യന്‍ യൂണിയന്റെയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണ ബാരലിന് 60 ഡോളറോ അതിന് താഴെയോ ഉള്ള വിലക്ക് മാത്രമേ വാങ്ങാവൂ എന്ന് ജി7 രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഞെരുക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഈ നീക്കം. ഈ വിലയ്ക്ക് റഷ്യയില്‍ നിന്നും എണ്ണാവാങ്ങുന്ന ചരക്കുകപ്പലുകള്‍ക്ക് മാത്രമേ ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകൂ. ഇത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഇന്ത്യ ഈ വില നിയന്ത്രണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമന്. ഗള്‍ഫ് രാജ്യങ്ങളേക്കാന്‍ ഇന്ത്യ ഇപ്പോള്‍ എണ്ണയ്ക്ക് ആശ്രയിക്കുന്നത് റഷ്യയെയാണ്. റഷ്യയില്‍ നിന്നും ഇന്ത്യ ഇപ്പോള്‍ എണ്ണ വാങ്ങുന്നത് ബാരലിന് 60 ഡോളറോ അതിന് താഴെയോ ആയതിനാല്‍ ജി7 തീരുമാനം ഇന്ത്യയ്ക്ക് ബാധകമല്ല. മാത്രമല്ല, ഇന്‍ഷുറന്‍സ് പ്രശ്നങ്ങളുടെ തലവേദനയില്ലാതെ റഷ്യയില്‍ നിന്നും എണ്ണ കൊണ്ടുവരാന്‍ വലിയ ചരക്കുകപ്പലുകള്‍ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന് റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: