2018ല്‍ റഷ്യയിലാണ് ലോകകപ്പിലെ ആ യാത്ര തുടങ്ങിയത്. അന്നു ഫൈനലില്‍ വീണു. ഇത്തവണയും ഏറെ കൊതിച്ചു. പക്ഷെ, സെമിയില്‍ അവസാനിപ്പിക്കാനായിരുന്നു വിധി. ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ ഇതിഹാസത്തിന്റെ ലോക കിരീടമെന്ന മോഹത്തിന് ഏറെക്കുറെ അന്ത്യം. ലൂസേഴ്സ് ഫൈനലില്‍ കൂടി കളിച്ച് ലോകകപ്പ് വേദിയോട് ലൂക്ക വിടപറയുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ലോക ഫുട്ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ മധ്യനിരക്കാരനാണ് ലൂക്ക മോഡ്രിച്ച്. രാജ്യത്തിനായി വലിയ കിരീടമൊന്നും ഇതുവരെ നേടാനായിട്ടില്ല ലൂക്കയ്ക്ക്. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ മധ്യനിരയെ നയിച്ച് അനുഭവസമ്പത്തു സമ്പാദിച്ചാണ് റഷ്യയില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിച്ചത്. അത്തവണയാണ് ക്രൊയേഷ്യയെ വലിയ ശക്തിയായി ലോകം കണ്ടത്. ഇത്തവണ പ്രതീക്ഷകളോടെ ലൂക്കയുടെ ചിറകിലേറിയായിരുന്നു അവരുടെ പടയോട്ടം. ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ചതോടെ പ്രതീക്ഷകളേറി. അത് മെസിക്കു മുന്നില്‍ തട്ടിയുടഞ്ഞു.
ലോക ഫുട്ബോളിലെ മികച്ച താരമെന്ന നേട്ടം ഒരു പതിറ്റാണ്ട് സ്വന്തമാക്കി വച്ചിരുന്ന ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയെയും മറികടന്ന് ലൂക്ക മോഡ്രിച്ച് സ്വന്തമാക്കിയത് റഷ്യയിലെ പ്രകടനത്തിന്റെ മികവിലാണ്. കഴിഞ്ഞ തവണ പ്രാഥമിക ഘട്ടത്തില്‍ തോല്‍പ്പിച്ച അതേ സ്കോറിന് ഇത്തവണ മെസിയുടെ അര്‍ജന്റീനയോട് തോറ്റു മടങ്ങേണ്ടിവന്നുവെന്നത് വിധിവൈപരീത്യമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: