ന്യൂദല്‍ഹി: ആഗോള പ്രതിസന്ധികള്‍ക്കിടെയിലും ഇന്ത്യയുടെ അവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്ന് അന്താരാഷ്ട്ര നാണ്യനിധി ഉപാധ്യക്ഷ ഗീത ഗോപിനാഥ്. ഇന്ത്യയില്‍ ഉപയോക്താക്കളുടെ ഡിമാന്‍ഡും ഉപയോഗവും കൂടിയിട്ടുണ്ട്. നിക്ഷേപങ്ങളും വര്‍ധിക്കുന്നുണ്ട്, ഒരു ധനകാര്യ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ലോകം കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള തലത്തില്‍ സഹകരണം അനിവാര്യമായ വലിയ പ്രശ്നങ്ങളാണ് ലോകം അഭിമുഖീകരിക്കുന്നതും. ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷകളാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ഇവ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജി 20ക്ക് പ്രധാന പങ്കു വഹിക്കാനുണ്ട്. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യ തിളക്കമാര്‍ന്ന കേന്ദ്രമാണ്.
ലോക രാജ്യങ്ങളില്‍ പലതിലും മൊത്തം ആഭ്യന്തര ഉത്പാദനം ഈ വര്‍ഷവും അടുത്ത വര്‍ഷവും ചുരുങ്ങുന്ന അവസ്ഥയിലാണ്. 2020ല്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതു മൂലമുണ്ടായ വിടവ് ഇന്ത്യ നികത്തി വരികയാണ്. കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു. നാണ്യപ്പെരുപ്പം ആര്‍ബിഐ നിശ്ചയിച്ച പരിധിക്കു താഴെയായി. ഭക്ഷ്യവില കുറഞ്ഞതാണു കാരണം. ഇനിയും അത് ഉയരാതെ നോക്കണം. അതിന് കരുതല്‍ വേണം, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: