ചെറിയൊരു ഇടവേളയ്ക്കു ശേഷം അതിര്‍ത്തിയില്‍ ചൈന വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ കഴിഞ്ഞയാഴ്ചയാണ് വ്യോമഗതാഗത നിരോധനമുള്ളയിടത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ചൈനയുടെ നീക്കത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചൈനയുടെ വ്യോമാക്രമണ ശ്രമവും സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ വിഫലമാക്കി. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടുനിന്നു. തവാങ്ങിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന തല്ലിയോടിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ചിലരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് നേരത്തെ വിവരം ലഭിച്ച ഇന്ത്യ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു. ഇതറിയാതെയാണ് ചൈനീസ് സൈന്യം സാഹസത്തിന് മുതിര്‍ന്നത്. അരുണാചലിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍, അസമിന്റെയും നാഗാലാന്റിന്റെയും മണിപ്പൂരിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മാസം ആദ്യം ഇന്ത്യ വ്യോമനിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനികാഭ്യാസവും നടത്തി. ഇതാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ പ്രകോപനത്തിനു കാരണമെന്ന് കരുതപ്പെടുന്നു. ഇന്ത്യയാണ് കടന്നുകയറിയതെന്ന ചൈനയുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വെറുതെ മുന്നറിയിപ്പു നല്‍കുക മാത്രമല്ല, ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തവും സന്നദ്ധവുമാണെന്ന് അരുണാചല്‍ അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.
2020 ല്‍ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇത് ആദ്യമായാണ് ചൈന അതിര്‍ത്തിയില്‍ പ്രകോപനത്തിന് മുതിരുന്നത്. അന്ന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയില്‍ നാല്പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യം ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. അതിര്‍ത്തിയിലെ പലയിടങ്ങളിലും നിയന്ത്രണ രേഖയ്ക്കപ്പുറം പരസ്പര ധാരണകള്‍ തെറ്റിച്ച് ചൈനയുടെ സേന നിലയുറപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ഇന്ത്യന്‍ സേന അണിനിരക്കുകയും ചെയ്തു. ആദ്യം വാശി പിടിച്ചെങ്കിലും ചര്‍ച്ചകളിലൂടെ എല്ലായിടങ്ങളില്‍നിന്നും ചൈനീസ് സേനയ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഉഭയകക്ഷി ധാരണകള്‍ തെറ്റിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ നിരന്തരം മുന്നറിയിപ്പു നല്കി. ഇതിനനുസൃതമായി അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തി. സൈനിക വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ റോഡ് സൗകര്യം വിപുലമാക്കുകയും, യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ താവളമൊരുക്കുകയും ചെയ്തു. ഇങ്ങനെ കളികാര്യമാകുമെന്നു വന്നപ്പോഴാണ് പിടിവാശി ഉപേക്ഷിച്ച് പിന്‍വാങ്ങാന്‍ ചൈന നിര്‍ബന്ധിതമായത്. സൈനികതല ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന വ്യവസ്ഥകള്‍ തങ്ങള്‍ പാലിക്കുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവും ചൈന നടത്തി. അതേസമയം, ഇതുകൊണ്ടൊന്നും ചൈന സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണെന്ന് ഇന്ത്യ വിശ്വസിച്ചില്ല. വിശ്വാസവഞ്ചനയ്ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഒരു രാജ്യമാണ് അതിര്‍ത്തിക്കപ്പുറത്തുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതിര്‍ത്തിയില്‍ ചൈന അലങ്കോലമുണ്ടാക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പതിവുപോലെ ഇക്കുറിയും ചിലര്‍ ഉത്സാഹത്തിലായി. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശദീകരിച്ചിട്ടും ഇക്കൂട്ടര്‍ക്ക് തൃപ്തിയാവുന്നില്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ചൈന ജയിക്കാനും ഇന്ത്യ തോല്‍ക്കാനുമാണല്ലോ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇഷ്ടപ്പെടുന്നത്. തങ്ങളുടെ ഭരണകാലത്ത് ഇങ്ങനെയായിരുന്നുവെന്നും, ഇതിന് മാറ്റം വരാന്‍ അനുവദിക്കില്ലെന്നുമാണ് ഈ പാര്‍ട്ടികളുടെ മനോഭാവം. രാജ്യസ്നേഹം തൊട്ടുതെറിക്കാത്തതുപോലെ ചൈനയെ പിന്തുണയ്ക്കാനും അവര്‍ മടിക്കുന്നില്ല. ഇവര്‍ക്കു വേണ്ടിക്കൂടിയാണ് ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു തോന്നിപ്പോകും. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ചൈന ആയുധം പണിതു നല്കുകയാണോ എന്നുപോലും സംശയിക്കണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയില്‍നിന്നും കോടിക്കണക്കിന് രൂപ സംഭാവന സ്വീകരിച്ചതിനാല്‍ ഈ സംഘടനയുടെ അംഗീകാരം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതാക്കളായ സോണിയയും രാഹുലും ചൈനയില്‍പ്പോയി ആ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് അനുസൃതമായ തീരുമാനങ്ങള്‍ അംഗീകരിച്ചത് വലിയ വിവാദമായതാണല്ലോ. മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം പതിന്മടങ്ങ് ശക്തി പ്രാപിച്ചതും, ചൈന ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധികളുമൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ചില പ്രതിപക്ഷ കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: