വാരണസി: ഹിന്ദുമത പ്രകാരം കാശി ആത്മീയതയുടെയും മോക്ഷത്തിന്റെയും മണ്ണാണ്. ചരിത്രത്തേക്കാളും ആചാരങ്ങളേക്കാളും ഇതിഹാസത്തേക്കാളും പഴയ നഗരം എന്നാണ് കാശി വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാശിയില്‍ തിരക്കിട്ട കവലയിലെ ഒരു മൂലയില്‍ ഒരു കെട്ടിടമുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ശാന്തമായി കഴിയാനല്ല, ശാന്തമായി മരിക്കാന്‍, മോക്ഷം കിട്ടി മരിയ്ക്കാന്‍ മുറി കിട്ടും. ഈ കെട്ടിടത്തിന്റെ പേരാണ് ‘കാശി ലാഭ് മുക്തി ഭവന്’.
രണ്ട് നിലയുള്ളതാണ് ഈ കെട്ടിടം. പ്രായമേറിയവര്‍, മരണത്തിലേക്ക് അടുക്കുന്നവര്‍, ആത്മീയ മോക്ഷം തേടുന്നവര്‍ എല്ലാം അവസാന നാളുകള്‍ ചെലവഴിക്കാന്‍ കാശ് ലാഭ് മുക്തി ഭവനില്‍ എത്തുന്നു.
പത്ത് മുറികളാണ് ഇവിടെ ഉള്ളത്. ഉള്ളില്‍ ഒരു ക്ഷേത്രവും ഉണ്ട്. എല്ലാ മുറികളിലും താമസിക്കുന്നവരെ കാണാന്‍ ഒരു പൂജാരിയും. ഒരു മുറിയില്‍ കഴിയുന്ന ദേവി എന്ന 85 കാരി പറയുന്നത് കേള്‍ക്കുക:” എനിക്ക് മോക്ഷം കിട്ടാനാണ് എന്റെ കുടുംബം എന്നെ ഇവിടെ ആക്കിയിരിക്കുന്നത്. കാശി എന്നെ അവളുടെ ഉള്ളിലേക്ക് സമാധാനത്തോടെ എടുക്കുമെന്ന് എനിക്കറിയാം.”
ഡാല്‍മിയ ചാരിറ്റബിള്‍ ട്രസ്റ്റ് 1958ല്‍ സ്ഥാപിച്ചതാണ് ഈ മന്ദിരം. ഇവിടെ എത്തുന്നവരില്‍ നിന്നും ഒരു ചില്ലിക്കാശ് ഈ സ്ഥാപനം ഈടാക്കില്ല. ഇത് ഒരു വിശുദ്ധ സ്ഥലമാണെന്നും ഇവിടെ ബിസിനസ് ഇല്ലെന്നും പണം ഈടാക്കില്ലെന്നും മാനേജര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും മാത്രമല്ല, ഇംഗ്ലണ്ട്, ജപ്പാന്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മോക്ഷം തേടി ഇവിടെ എത്തുന്നു.
മരണാസന്നരായവരെയാണ് ഇവിടെ എടുക്കുക. വരുന്നവരുടെ ആരോഗ്യവും ആയുസ്സും എത്രയുണ്ടെന്ന് ആദ്യം പരിശോധിക്കും. 15 മുതല്‍ 20 ദിവസമാണ് സാധാരണ ഒരാള്‍ക്ക് അനുവദിക്കുക. എല്ലാ ദിവസവും പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. അതോടെ കാമ, ക്രോധ, ലോഭ, മോഹങ്ങളുടെ ഇരുട്ട് മായും. ഭഗവാന്റെ പ്രകാശം മാത്രം അകം നിറയും. അതിനുള്ളില്‍ അയാള്‍ സമാധാനത്തോടെ മരിയ്ക്കുന്നു. ഈ മന്ദിരത്തില്‍ നിന്നും അരകിലോമീറ്റര്‍ ദൂരെ മണികര്‍ണിക ഘട്ട് ഉണ്ട്. അവിടെ മരിച്ചവരെ ദഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: