പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് മുതലെടുത്ത് ആക്ടിവിസ്റ്റുകള്‍ ആചാരലംഘനം നടത്തിയേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ട്. 2018ല്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും ആചാരലംഘനം നടത്തിയതെങ്കില്‍, ഇക്കുറി സര്‍ക്കാര്‍ സഹായമില്ലാതെ സ്വയം ആചാരലംഘനം നടത്താനാണ് ആക്ടിവിസ്റ്റുകളുടെ ഗൂഢാലോചന.
ഇത് കര്‍ശനമായി തടയാന്‍ പോലീസ് കര്‍ശനമായി പരിശോധന തുടരുന്നു. ശബരിമലയിലേക്ക് എത്തിയേക്കുമെന്ന സൂചനകളുള്ള ആക്ടിവിസ്റ്റുകളെ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആചാരലംഘനത്തിന് ആക്ടിവിസ്റ്റുകളായ സ്ത്രീകളുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായാല്‍ എങ്ങിനെയാണ് ഭക്തര്‍ പ്രതികരിക്കുക എന്നത് സംബന്ധിച്ച് ഒന്നും പറയാനാവില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അതിന് പൊലീസും സര്‍ക്കാരും ഉത്തരം പറയേണ്ടതായി വരും. ഇതാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ആശങ്ക.
മണ്ഡലകാലം ആരംഭിച്ച സമയത്ത് ആഭ്യന്തരവകുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ എന്ന പേരിൽ ബുക്ക്‌ലെറ്റ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആചാരലംഘനത്തെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സര്‍ക്കാര്‍ ഈ ബുക്ക്‌ലെറ്റ് പിൻവലിച്ചിരുന്നു. അതിനിടെ പൊടുന്നനെ ഒരു ആചാരലംഘനം ഉണ്ടായാല്‍ അത് താങ്ങാന്‍ ശേഷിയില്ലെന്നതിനാലാണ് എന്തുവിലകൊടുത്തും ആചാരലംഘനം ഉണ്ടാവുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2018 ലെ മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും മലകയറാന്‍ ശ്രമിച്ചതിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: