ചെന്നൈ : തമിഴ്‌നാട് മന്ത്രിസഭാ വികസനത്ത തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു.
ചെപ്പോക്കില്‍നിന്നുള്ള എംഎല്‍എയാണ് ഉദയനിധി മാരന്‍. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാള്‍ കൂടിയായിരുന്നു. ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തിയതോടെ മുഖ്യമന്ത്രി അടക്കമുള്ള തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി.
നിലവില്‍ തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45-കാരനായ ഉദയനിധി. 37 വയസ്സുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിനും 45 വയസ്സാണ് പ്രായമെങ്കിലും ഉദയനിധിയെക്കാള്‍ ഏതാനും ദിവസങ്ങള്‍ക്ക് ഇളയതാണ്.
2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. അതേസമയം മന്ത്രിസഭ വികസിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതല തുടര്‍ന്നും അദ്ദേഹം തന്നെ നിര്‍വഹിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: