ന്യൂദല്‍ഹി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രതിപാദിക്കുന്ന വിവേക് അഗ്നിഹോത്രിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സിനെ ‘അശ്ലീല ചിത്രം’ എന്ന് വിശേഷിപ്പിച്ച് അപമാനിച്ചത് ജൂറി ചെയര്‍മാനായിരുന്നു. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മോദി വിരുദ്ധ വിഭാഗത്തിന്റെ സംഘടിത നീക്കത്തിന്റെ ഫലമായാണ് ജൂറി ചെയര്‍മാനായ ഇസ്രയേല്‍ സംവിധായകന് നദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ അശ്ലീല ചിത്രം എന്ന് വിളിച്ചത്.
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ ഒന്നായിരുന്നു കശ്മീര്‍ ഫയല്‍സ്. എന്നാല്‍ അതേ കശ്മീര്‍ ഫയല്‍സിനെ സ്വിറ്റ്സര്‍ലാന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഔദ്യോഗിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകന് വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായി 1990ല്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ടോടിപ്പോകേണ്ടിവന്നു. നിരവധി പേര് മനസാക്ഷിയെ മരവിപ്പിക്കും വിധം കൊല ചെയ്യപ്പെട്ടു.
1990ല്‍ കാശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും കാശ്മീര്‍ താഴ്വരയില് നിന്ന് പലായനം ചെയ്യുന്നതും സംബന്ധിച്ചാണ് ചിത്രം. ഇതു യാഥാര്‍ത്ഥ്യമാണെന്നും അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണ്ടെന്നും വിവേക് അഗ്നിഹോത്രി പറയുന്നു. ഈ വിവാദത്തിന് ശേഷമാണ് കശ്മീര്‍ ഫയല്‍സിന് ഒരു രണ്ടാം ഭാഗം കൂടി ഒരുക്കുമെന്ന് വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചത്.
നദവ് ലാപിഡിന്റെ ആരോപണത്തിനെതിരെ ഇസ്രയേല്‍ അംബാസഡര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. നദവ് ലാപിഡിനെ അനുകൂലിച്ച് പിന്നീട് ഇന്ത്യന്‍ ജൂറിയിലുള്ള ഏതാനും ഇന്ത്യക്കാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിരുന്നു. എന്നാല്‍ തന്റെ സിനിമയില്‍ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമായി തെറ്റെന്ന് തെളിയിച്ചാല്‍ താന്‍ സിനിമാരംഗം വിടാമെന്ന് വരെ സംവിധായകന് വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: