കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന് കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന് കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു. ഇതിന് കൃത്യമായ ഉത്തരം കോഴിക്കോട് മെഡിക്കല്‍ കോളെജ് അധികൃതര്‍ നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഈ കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതിയ മലപ്പുറം സ്വദേശിനിയായ 19 കാരിയാണ് ആരോരുമറിയാതെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ ഇരുന്നതെന്ന കാര്യം നിസ്സാരമായി തള്ളാനാവില്ല. ഇപ്പോള്‍ പൊലീസ് പുതിയ ഒരു വിശദീകരണമാണ് നല്‍കുന്നത്. ഈ പെണ്‍കുട്ടി എന്‍ട്രന്‍സിന് ശേഷം റാങ്ക് ലിസ്റ്റില്‍ നോക്കിയപ്പോള്‍ തനിക്ക് ഉയര്‍ന്ന റാങ്കുണ്ടെന്നും അഡ്മിഷന് കിട്ടുമെന്നും ആണ് മനസ്സിലാക്കിയത്. ഇതനുസരിച്ച് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം വിളിച്ചുപറഞ്ഞു. പലയിടത്തും സ്വീകരണവും ലഭിച്ചു. പിന്നീട് വിശദമായി വീണ്ടും റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് 10000 ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാണക്കേടായി. ഈ ജാള്യത മറയ്ക്കാനാണ് പ്രവേശനം ലഭിച്ചതുപോലെ അഭിനയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ വന്നിരുന്നതെന്ന് പറയുന്നു.
250 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്. ഇതില്‍ ആദ്യ അലോട്ട്മെന്റില്‍ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ പ്രവേശനം നേടിയെത്തിയത്. ഇതില്‍ കുറച്ചു പേര് കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസ് മുറിയിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല്‍ രേഖകള്‍ പരിശോധിക്കാതെ രജിസ്റ്ററില്‍ പേര് ചേര്‍ത്തു. പിന്നീടാണ് പട്ടികകള്‍ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളതായി തിരിച്ചറിഞ്ഞതും. മൂന്ന് വകുപ്പ് മേധാവികളോടും ക്ലാസ് കോര്‍ഡിനേറ്റര്‍മാരോടും വിശദീകരണം ചോദിച്ചതായി വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. സജിത്ത് കുമാര്‍ പറഞ്ഞു.
അപ്പോള്‍ ഉയരുന്ന മറുചോദ്യം ഇതാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കുട്ടികളുടെ പ്രവേശനത്തിനുള്ള പ്രക്രിയ ഇത്രയ്ക്കും പഴുതുകള്‍ ഉള്ളതാണോ? എങ്ങിനെയാണ് ഇത്തരമൊരു പ്രക്രിയയില്‍ പ്രവേശനം ലഭിക്കാത്ത ഒരു കുട്ടിക്ക് നാല് ദിവസം ക്ലാസില്‍ ഇരിയ്ക്കാന്‍ കഴിയുക? അവിടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്യില്ലേ? അഡ്മിഷന് കിട്ടയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഐഡന്റിറ്റി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമില്ലേ? ഇതിന് മുന്‍പ് പിടിക്കപ്പെടാതെ ഇതുപോലെ അനര്‍ഹര്‍ മുന്‍പും എംബിബിഎസ് ക്ലാസ്മുറികളില്‍ കയറിപ്പറ്റിയിട്ടുണ്ടോ? ഇത്രയ്ക്കധികം പ്രസ്റ്റീജുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയിലേക്കുള്ള പ്രവേശനം കുട്ടിക്കളിയാണോ?- ഇങ്ങിനെ ചോദ്യങ്ങള്‍ അനവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: