ടെഹ്റാന്: ഹിജാബ് വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനി ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച 23കാരനെ പരസ്യമായി തൂക്കിലേറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണ് മജിദ്രേസാ റഹ്നാവാര്‍ദ് എന്ന യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ഇറാന് വിശദീകരിക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട് 23 ദിവസങ്ങൾക്ക് ശേഷമാണ് യുവാവിനെ വധിക്കുന്നത്. സ്വന്തം അഭിഭാഷകനെ തിരഞ്ഞെടുക്കാനോ തനിക്കെതിരായ തെളിവുകളെ ചോദ്യം ചെയ്യാനോ പൊതുസമൂഹത്തിൽ വിചാരണ നടത്താൻ ആവശ്യപ്പെടാനോ റഹ്നാവാര്‍ദിന് അനുവാദമുണ്ടായിരുന്നില്ല. തൂക്കിലേറ്റുന്നതിന് തലേദിവസം രഹ്നവാർദിനെ കാണാൻ അദ്ദേഹത്തിന്റെ അമ്മയെ അനുവദിച്ചതായി ഇറാനിയൻ ആക്ടിവിസ്റ്റ് നെറ്റ്വർക്ക് 1500തസ്വീർ ട്വീറ്റ് ചെയ്തു. എന്നാൽ, വധശിക്ഷയെ കുറിച്ച് ഇരുവരെയും അറിയിച്ചിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു. അടുത്ത ദിവസമാണ് അദ്ദേഹത്തെ കൈകാൽ ബന്ധിച്ച് ക്രെയിനില്‍ തൂക്കിലേറ്റിയ ചിത്രങ്ങള്‍ സർക്കാർ അനുകൂല മിസാൻ വാർത്താ ഏജൻസി പുറത്തുവിട്ടത്.
രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷ ഇറാന് നടപ്പിലാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ടെഹ്റാനടുത്തുള്ള ജയിലില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിന്റെയും വധശിക്ഷ നടപ്പാക്കിയിരുന്നു. ദൈവത്തിനെതിരായി യുദ്ധം നടത്തി എന്നതായിരുന്നു ആ യുവാവിന് മേല്‍ ആരോപിച്ച കുറ്റം. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമീനി എന്ന യുവതി മതകാര്യ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്. നാനൂറിലധികം പേര് പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മര്‍ദിച്ചും, പോലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെയാണ് ഇറാനില്‍ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതല്‍ അഞ്ച് ലക്ഷം വരെ ഇറാനിയന്‍ റിയാലും പിഴയായി നല്‍കേണ്ടി വരും. 74 ചാട്ടയടി വേറെയും. പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചിട്ടുള്ള നിരവധിപേരാണ് ഇറാനിലെ ജയിലുകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: