ന്യൂദല്‍ഹി: വ്യോമസേനയുടെ തന്ത്രപ്രധാന കമാന്‍ഡോ വിഭാഗം ഗരുഡിലും നാവികസേനയുടെ കമാന്‍ഡോ വിഭാഗം മാര്‍ക്കോസിലും വനിതാ സൈനികരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ലോകത്തെ തന്നെ ഏറ്റവും കഠിന പരിശീലനം നല്കി കമാന്‍ഡോകളെ തയാറാക്കുന്ന സൈനിക വിഭാഗങ്ങളാണ് ഗരുഡും മാര്‍ക്കോസും. സ്ത്രീശക്തി വിനിയോഗത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് സൈന്യം. വനിതകളെ കമാന്‍ഡോകളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ കേന്ദ്രം നടപ്പാക്കുന്നത്.
നാവികസേനാ മറൈന്‍ കമാന്‍ഡോ വിങ് മാര്‍ക്കോസിലേക്ക് വനിതാ നാവികസേനാംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ്ങിലേക്കും വനിതാ സൈനികരെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
യുദ്ധ വിമാനങ്ങളില്‍ വനിതകളെ നിയോഗിക്കാനുള്ള 2015ലെ വ്യോമസേനാ തീരുമാനമാണ് സൈനിക ദൗത്യങ്ങളിലെ വനിതാ സൈനികരുടെ പങ്കാളിത്തത്തിന് പുതിയ മാനങ്ങള്‍ നല്കിയത്. കമാന്‍ഡോ വിഭാഗങ്ങളിലേക്കു കൂടി പരിശീലനം കൊടുത്ത് വനിതകളെ പ്രവേശിപ്പിക്കുന്നത് മഹത്തരമാണ്.
ഒഡീഷ തീരത്തെ നാവികസേനാ പരിശീലന സംവിധാനമായ ഐഎന്‍എസ് ചില്‍ക യുദ്ധക്കപ്പലില്‍ പരിശീലിക്കുന്ന വനിതാ ഓഫീസര്‍മാരില്‍ നിന്നും സെയിലര്‍മാരില്‍ നിന്നും മാര്‍ക്കോസ് കമാന്‍ഡോ വിങ്ങിലേക്കുള്ള തെരഞ്ഞെടുപ്പു നടത്താനാണ് തീരുമാനം. അഗ്നിവീര്‍ പ്രക്രിയയുടെ ഭാഗമായി സേനയിലേക്ക് തെരഞ്ഞടുത്ത ഇവര്‍ അടുത്ത വര്‍ഷത്തോടെ നാവികസേനയുടെ ഭാഗമാകും. ഹ്രസ്വ കാല സര്‍വീസായി സേനയുടെ ഭാഗമാകുന്നവരെ കമാന്‍ഡോ വിങ്ങിലടക്കം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുകയാണ് സൈന്യം. ശ്രീനഗര്‍ അവന്തിപുര വ്യോമസേനാ ഫൈറ്റര്‍ ബേസിനു നേര്‍ക്ക് 2004ല്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഗരുഡ് കമാന്‍ഡോ വിങ്ങിന്റെ രൂപീകരണം. 1987 മുതല്‍ നാവികസേനയുടെ ഭാഗമാണ് മാര്‍ക്കോസ്. സാഹസിക പരിശീലനവും മികവും നല്കുന്ന ഇന്ത്യന്‍ കമാന്‍ഡോ വിങ്ങുകളാണ് ഗരുഡും മാര്‍ക്കോസും. നൂറില്‍ പത്തില്‍ താഴെ സൈനികര്‍ മാത്രമാണ് ഇവരുടെ പരിശീലനം പൂര്‍ത്തിയാക്കി കമാന്‍ഡോ വിങ്ങിന്റെ ഭാഗമാകുന്നത്. അത്ര കഠിനമായ പരിശീലന മുറകളാണ് കമാന്‍ഡോകളാകാന്‍ തയ്യാറാവുന്ന സൈനികര്‍ക്ക് നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: