ഡോ. ആര്‍. ഗോപിമണി
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണുമ്പോള്‍ ആരുടെ മനസ്സിലും ഉദിക്കുന്ന ഒരു സംശയമാണ് ‘ആകാശത്തിന് ഒരതിരുണ്ടോ’ എന്നത്! ഇത്തരം പ്രപഞ്ച വിസ്മയങ്ങള്‍ക്ക് ഉത്തരം തരുന്ന ഒരു ഗ്രന്ഥമാണ് പി. കേശവന്‍ നായര്‍ രചിച്ച ‘കാലം: മഹാവിസ്‌ഫോടനം മുതല്‍ മഹാവിഭേദനം വരെ’യെന്ന ഏറ്റവും പുതിയ പുസ്തകം. കാഴ്ചയിലും ഉള്ളടക്കത്തിലും തിളങ്ങുന്ന ഒരു ഗ്രന്ഥം!
ചെറുപ്രായം മുതല്‍ തന്നെ ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടുകയും നീണ്ട 22 വര്‍ഷക്കാലം സിഐടിയുവിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത കേശവന്‍ നായരുടെ ശാസ്ത്രങ്ങളോടുള്ള ആഭിമുഖ്യം സ്വാഭാവികം. ഫിസിക്‌സില്‍ ബിരുദവും ഇംഗ്ലീഷില്‍ എംഎയും നേടിയശേഷമാണ് അദ്ദേഹം സിപിഎമ്മില്‍ അംഗമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പക്ഷേ, പാര്‍ട്ടി അദ്ദേഹത്തെ ട്രേഡ് യൂണിയന്‍ രംഗത്തേക്കാണ് വിട്ടത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അദ്ദേഹം ശാസ്ത്രസാഹിത്യത്തിലും അന്നു തൊട്ടേ തല്‍പ്പരനായിരുന്നു എന്നതിന്റെ തെളിവാണ് സഖാവ് ഇഎംഎസിന്റെ സുദീര്‍ഘമായ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെട്ട ‘സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം’ എന്ന ആദ്യകൃതി. തൊണ്ണൂറുകളില്‍ സിപിഎമ്മിലെ നേതൃത്വ തലത്തില്‍ ഉണ്ടായ ചില പടലപിണക്കങ്ങളില്‍ മനംമടുത്ത കേശവന്‍ നായര്‍ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടുകയും ഒരു പൂര്‍ണസമയ എഴുത്തുകാരനായി മാറുകയുമാണുണ്ടായത്.
പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് പല കാഴ്ചപ്പാടുകളും പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നു. കാലത്തിന്റെ ഏതോ വിദൂര ബിന്ദുവില്‍ നടന്ന ‘മഹാസ്‌ഫോടന’ത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആദ്യം മുതല്‍ക്കേ സംശയമുണ്ടായിരുന്നു. ‘പ്രപഞ്ചം ആരും സൃഷ്ടിച്ചതല്ല, അത് എന്നും ഇവിടുണ്ടായിരുന്നു, ഇനി എന്നും ഉണ്ടായിരിക്കയും ചെയ്യും’ എന്ന steady state theory യാണ് മാര്‍ക്‌സിന്റെ കാലം മുതല്‍ക്കേ കമ്യൂണിസ്റ്റുകള്‍ക്ക് പഥ്യമായിരുന്നത്. ഇത് തെറ്റാണെന്ന് 1950 ല്‍ Fred Hoy Le എന്ന കോസ്‌മോളജിസ്റ്റ് തന്റെ ‘മഹാസ്‌ഫോടന’ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവച്ച ആശയം പക്ഷേ, എല്ലാവരും അംഗീകരിച്ചില്ല. പ്രപഞ്ചം ഒരു ചാക്രിക വ്യവസ്ഥയാകാനേ തരമുള്ളൂ എന്ന് ഭൂരിപക്ഷം ശാസ്ത്രജ്ഞര്‍ക്കും അറിയാമായിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ കിട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാത്രമാണ്. 1965ല്‍ യുഎസ് ശാസ്ത്രജ്ഞരായ അര്‍ണോപെന്‍സിയറും റോബര്‍ട്ട് വില്‍സണും പുതിയൊരു വികിരണം നമ്മെ തഴുകി ഒഴുകുന്നുണ്ടെന്ന് കണ്ടെത്തി. ഒരു നക്ഷത്രത്തില്‍ നിന്നുമല്ല ആ വികരണം പ്രപഞ്ചമാകെ വ്യാപിച്ചുകൊണ്ടേയിരിക്കുന്നതെന്ന് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞതോടെ ‘കോസ്മിക് ബാക്ഗ്രൗണ്ട് റേഡിയേഷന്‍’ എന്ന് പേരിട്ട ആ വികരണത്തിന്റെ ഉത്ഭവകേന്ദ്രം അതിവിദൂരമായ ഒരു ബിന്ദുവില്‍ നിന്നാണെന്ന് മനസ്സിലായി. അതാവാം പ്രപഞ്ച കേന്ദ്രമെന്നും കോടികോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു ‘മഹാവിസ്‌ഫോടന’ത്തിന്റെ ഫലമാണ് ആ വികിരണം എന്നും അഭ്യൂഹിക്കപ്പെട്ടു.
‘സ്ഥല-കാല-വസ്തുക്കള്‍’ ഒന്നും തന്നെയില്ലാതിരുന്ന, അളവും ആകൃതിയും ഇല്ലാത്ത ഒരു ‘ബിന്ദു’ വില്‍ നിന്ന് കോടി-കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചം പൊട്ടിമുളച്ച് വളര്‍ന്ന് വികസിച്ചാണ് നാം ഇന്നു കാണുന്ന ഈ ആകാശവും അതിലെ അനന്തകോടി നക്ഷത്രങ്ങളും പിന്നെ നാമും നമ്മുടെ ഭൂമിയും. ‘ബിഗ്ബാങ്’ തിയറിയിലൂടെ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച ഈ ആശയത്തിന് തെളിവ് എന്ത് എന്ന ചോദ്യം പക്ഷേ അവശേഷിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് 1992ല്‍ യുഎസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ‘നാസ’, ‘കോബ്’ എന്നറിയപ്പെട്ട ഒരു ഉപഗ്രഹം വിക്ഷേപിച്ചത്. സ്രോതസ്സ് ഏതെന്നറിയാത്ത ‘കോസ്മിക് ബാക്ഗ്രൗണ്ട് റേഡിയേഷനെ’ പിന്നോട്ട് അളക്കാനുള്ള യന്ത്രസാമഗ്രികളാണ് ആ ഉപഗ്രഹത്തില്‍ സ്ഥാപിച്ചിരുന്നത്. ഭൂമിയെ ചുറ്റുന്നതിനു പകരം ഈ ഉപഗ്രഹം നേര്‍രേഖയില്‍ സഞ്ചരിക്കാനാണ് സംവിധാനം ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാഷ്‌ട്രങ്ങളിലെ ഗവേഷകര്‍ ഈ ഉപഗ്രഹത്തില്‍നിന്ന് ലഭിച്ച ദത്തങ്ങള്‍ (Data) ശേഖരിച്ചുകൊണ്ടേയിരുന്നു. 1992 മുതല്‍ 2005 വരെ ഈ പ്രവര്‍ത്തനം തുടര്‍ന്നു. അതിഭീമമായ ഈ ‘ദത്തശേഖരം’ അനവധിശാസ്ത്രജ്ഞര്‍ കൂട്ടായി വിശ്ലേഷണം നടത്തി കണ്ടെത്തിയത്, കൃത്യമായും 1382 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാ
ണ് ‘മഹാസ്‌ഫോടനം’ നടന്നതെന്നാണ്! അതായത് പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ വയസ്സ് 1382 കോടി വര്‍ഷം! പ്രപഞ്ചത്തിന് ഇപ്പോള്‍ മധ്യവയസ്സേ ആയിട്ടുള്ളൂവത്രേ! ഇനിയും ഇത്രയും വര്‍ഷംകൂടി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കും പിന്നെ അത് ചുരുങ്ങാന്‍ തുടങ്ങും. ഒടുവില്‍ അത് വീണ്ടും ‘അളവും ആകൃതിയുമില്ലാത്ത’ ആ ആരംഭ ‘ബിന്ദു’വില്‍ തിരിച്ചെത്തും! ഈ പ്രക്രിയ അനവരതം ആവര്‍ത്തിക്കും!! ഇതാണ് പ്രപഞ്ചത്തിന്റെ ‘ചാക്രിക ജീവിത’ ചരിത്രം!
കേശവന്‍ നായരുടെ ഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായത്തിന്റെ ഒരു സംഗ്രഹമാണ് മേല്‍കൊടുത്തത്. തുടര്‍ന്ന് ഗാലക്‌സികള്‍ രൂപംകൊള്ളുന്നതിനെക്കുറിച്ചും നക്ഷത്രങ്ങളുടെ മരണത്തെക്കുറിച്ചും നമ്മുടെ സ്വന്തം ക്ഷീരപഥത്തെപ്പറ്റിയും ഗ്രഹങ്ങളുടെ ജനനത്തെക്കുറിച്ചും ധൂമകേതുക്കളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ വായിക്കാം. ‘കാലഗതിയിലെ ഈ കോലങ്ങളെ’ക്കുറിച്ച് പ്രസിദ്ധ നോവലിസ്റ്റും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍ എഴുതിയ അവതാരികയില്‍ പറയുംപോ
ലെ ‘ഏറെ ആഴവും പരപ്പുമുള്ള ശാസ്ത്ര വിഷയങ്ങളെ ചിമിഴില്‍ ഒതുക്കുന്ന’ മഹാവൈഭവമാണ് കേശവന്‍ നായര്‍ ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. പുസ്തകത്തിനൊടുവില്‍ നല്‍കിയിരിക്കുന്ന ‘കാലഗണനപട്ടിക’യും ‘ശബ്ദാവലിയും’ ഈ ഗ്രന്ഥത്തിന്റെ പാരായണം സുസാധ്യമാക്കുന്നു.
1944 ല്‍ കൊല്ലം ജില്ലയില്‍ ‘ഐക്യരഴിക’ത്ത് ജനിച്ച് 2021 ല്‍ അന്തരിച്ച കേശവന്‍ നായര്‍ നമുക്ക് നല്‍കിയ പതിനഞ്ചോളം വരുന്ന ശാസ്ത്രഗ്രന്ഥങ്ങളില്‍ എന്തുകൊണ്ടും മുന്നില്‍നില്‍ക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം. ഇതിന്റെ ഉള്ളടക്കം കാലാതിവര്‍ത്തിയാണെന്ന് ഇതിലൂടെ കടന്നുപോകുന്ന ആര്‍ക്കും അനുഭവപ്പെടാതിരിക്കില്ല. മനോഹരമായ പുറംചട്ടയും ചിട്ടയായ അച്ചടിവിന്യാസങ്ങളും കൊണ്ട് ഇതിന്റെ പ്രസാധകരായ ‘മാതൃഭൂമി ബുക്‌സ്’ ഈ ഗ്രന്ഥത്തെ അനശ്വരമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: