ഭോപാല്‍: കോണ്‍ഗ്രസിന്റെ മധ്യപ്രേദശിലെ നേതാവായ രാജ പട്ടേരിയ പ്രധാനമന്ത്രി മോദിയെക്കുറിച്ച് നടത്തിയ വിവാദപ്രസ്താവന വിവാദമാവുന്നു. “ന്യൂനപക്ഷവും ദളിതരും ഗോത്രവര്‍ഗ്ഗക്കാരും അപകടത്തിലാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറാവണം”- മധ്യപ്രദേശിലെ പന്ന ജില്ലയില്‍ ഞായറാഴ്ച രാജ പട്ടേരിയ നടത്തിയ പ്രസംഗത്തിലെ വിവാദമായ വാചകമാണിത്.
എന്നാല്‍ പ്രസംഗം വിവാദമായതോടെ കോണ്‍ഗ്രസ് മലക്കം മറിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയമായി മോദിയെ ഇല്ലാതാക്കണം എന്ന് മാത്രമാണ് പ്രസംഗിച്ചതെന്ന് വീഡിയോ സഹിതം അവതരിപ്പിച്ച് കോണ്‍ഗ്രസ് പറയുന്നു. മഹാത്മാഗാന്ധിയുടെ ശിഷ്യനാണ് താനെന്നും അതുകൊണ്ട് ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് പറയില്ലെന്നും അദ്ദേഹം പറയുന്നു.
ന്യൂനപക്ഷങ്ങളെയും ദളിതരെയും ഗോത്രവര്‍ഗ്ഗക്കാരെയും രക്ഷിക്കാന്‍ തൊഴിലില്ലായ്മ ഇല്ലാതാക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പട്ടേരിയ വിശദീകരിക്കുന്നു.
അതേ സമയം, ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടറോട് സംസാരിക്കാന്‍ രാജ പട്ടേരിയ വിസമ്മതിച്ചു. ‘ഞാന്‍ പുറത്താണ്. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല’ എന്നാണ് രാജ പട്ടേരിയ പറഞ്ഞതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ വിശദീകരണം. കോണ്‍ഗ്രസ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: