തിരുവനന്തപുരം: പത്ത് വോട്ടിനുവേണ്ടി മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന എം.വി. ഗോവിന്ദന് ഇഎംഎസിന്റെ സ്മാരകത്തില്‍ ചെന്ന് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഈ രാജ്യത്തിന്റെ വിഭജനത്തിന് കാരണക്കാരായിട്ടുള്ള ആളുകളാണ് മുസ്ലിംലീഗ്. ഇ.എം. ശങ്കരന്നമ്പൂതിരിപ്പാടിനെക്കാളും വലിയ താത്വികാവലോകനം നടത്തുന്ന ആളാണ് എം.വി. ഗോവിന്ദനെങ്കില്‍ അതവരുടെ കാര്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ഇനിയെങ്കിലും ‘സില്‍വര്‍ലൈന്‍ വരും കേട്ടോ’ എന്ന വിധത്തിലുള്ള മാസ് ഡയലോഗുകള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ ഒരിടത്തും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ഈയാഴ്ച എളമരം കരീമിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ പദ്ധതിയുടെ അപ്രായോഗികത മന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷമായി ഡിപിആര്‍ പൂര്‍ത്തിയാക്കാനോ റെയില്‍വെ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് കേരള സര്‍ക്കാരിനോ കെ റെയില്‍ കോര്‍പ്പറേഷനോ സാധിച്ചിട്ടില്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിക്ക് നരേന്ദമോദി സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകില്ല. അതിനാല്‍ മുഖ്യമന്ത്രി മാസ് ഡയലോഗടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതി നിര്‍ത്തണം. പദ്ധതിയുടെ പേരില്‍ പല സ്ഥലത്തും വസ്തുക്കച്ചവടത്തില്‍ വില കുറയുന്നതിലൂടെ ആര്‍ക്കെങ്കിലും ലാഭമുണ്ടാക്കുന്നതിനുവേണ്ടിയാണോ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ആകെ 75 വന്ദേഭാരത് ട്രെയിനുകളില്‍ ചിലത് കേരളത്തിനും അനുവദിക്കും.
സാങ്കേതികതയുടെ നൂലാമാലകളില്‍ പിടിച്ചുനിന്നുകൊണ്ട് ജനുവരിയില്‍ ഗവര്‍ണറുടെ നയപ്രസംഗം ഇല്ലാതെ സഭനടത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ഭരണഘടനാ സംരക്ഷകരാണെന്ന വാദം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്. സിപിഎം നടത്തുന്ന ഭരണഘടനാ സമ്മേളനങ്ങളില്‍ സജിചെറിയാനെ ആദരിക്കാനുള്ള പരിപാടികൂടി വയ്ക്കണമെന്നും മുരളീധരന് കളിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: