കൊച്ചി: തുടരെ നാലു ജയങ്ങളുടെ പകിട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തില്‍ ഇറങ്ങിയത്. എതിരാളികള്‍ ബെംഗളൂരു എഫ്സി. ജയിച്ചു തുടങ്ങി മൂന്നു തുടര്‍ തോല്‍വികള്‍ക്കു ശേഷമുള്ള കുതിപ്പ് തുടരുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. കഴിഞ്ഞ നാലില്‍ മൂന്നും എവേ മത്സരങ്ങള്‍. ഗോവയെയാണ് കൊച്ചിയില്‍ കീഴടക്കിയത്.
മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു സീസണില്‍ അത്ര ഫോമിലല്ല. കഴിഞ്ഞ അഞ്ചില്‍ നാലിലും തോറ്റു. എടികെ മോഹന്‍ ബഗാനോട് സ്വന്തം മൈതാനത്ത് തോറ്റാണ് ബെംഗളൂരു എത്തുന്നത്. മുഖാമുഖ കണക്കില്‍ ബെംഗളൂരുവിന് മുന്‍തൂക്കം. പത്തില്‍ ആറില്‍ ജയിച്ചു. രണ്ടില്‍ ബ്ലാസ്റ്റേഴ്സും, രണ്ടെണ്ണം സമനിലയില്‍. മൂന്നു വീതം ഹോം, എവേ വിജയങ്ങള്‍ ബെംഗളൂരുവിന് സ്വന്തം. ബ്ലാസ്റ്റേഴ്സിന് രണ്ട് ഹോം വിജയം. എട്ട് കളി പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. ഏഴു പോയിന്റുള്ള ബെംഗളൂരു ഒമ്പതാമത്.
ഇന്നലത്തെ മത്സരങ്ങളില്‍ ഗോവ എതിരില്ലാത്ത മൂന്നു ഗോളിന് ഒഡീഷയെയും ഗോള്‍മഴ കണ്ട കളിയില്‍ ചെന്നൈയിന് 7-3ന് നോര്ത്ത്ഈസ്റ്റിനെയും തോല്‍പ്പിച്ചു. ചെന്നൈയിനായി അബ്ദെനാസര്‍ എല്‍ ഖയാതി ഹാട്രിക് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: