ആലക്കോട്: പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധികള്‍ നേടുന്നതിനിടെ വായ്പ കുടിശികയുടെ പേരില്‍ കടുത്ത നടപടികളുമായി ബാങ്കുകള്‍ രംഗത്തു വരുന്നത് കര്‍ഷകരില്‍ വ്യാപക പ്രതിഷേധമുയര്‍ത്തുന്നു. കുടിശ്ശികയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായാണ് ബാങ്കുകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
വായ്പയ്ക്ക് ഈടായി ബാങ്കുകള്‍ക്ക് പണയപ്പെടുത്തിയ ഭൂമിയാണ് ലേലം ചെയ്യുന്നത്. തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് അടക്കം ഒട്ടേറെ ബാങ്കുകള്‍ മലയോരത്ത് ജപ്തി നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തദിവസം ആലക്കോട്, നടുവില്‍ അടക്കമുള്ള മേഖലകളില്‍ വായ്പ കുടിശിക വരുത്തിയ കര്‍ഷകരുടെ ഭൂമി ലേലം ചെയ്ത് വില്‍ക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. ഇതോടെ മലയോരത്തെ കാര്‍ഷിക മേഖല ഒന്നടങ്കം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
റബര്‍, തേങ്ങ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉല്‍പ്പാദന രംഗത്തുണ്ടായ ഇടിവ്, വന്യമൃഗ ശല്യം തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ കര്‍ഷകരുടെ ജീവിതം വഴിമുട്ടനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്തി ചെയ്യുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും വായ്പാ തിരിച്ചടവിന് സമയം നീട്ടി നല്‍കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ വായ്പ തിരിച്ചടവ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗവും ഇല്ലെന്ന് ബാങ്കുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: