ദോഹ: ആവേശം നുരഞ്ഞുപൊന്തും… കരുത്തരുടെ ഈ ബലാബലത്തില്‍… ലോകകപ്പിലെ തീപാറും പോരാട്ടം ഇന്ന്. ഉജ്ജ്വല ഫോമിലുള്ള നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കരുത്തരായ ഇംഗ്ലണ്ടും തമ്മിലാണ് ക്വാര്‍ട്ടറിലെ ഈ സൂപ്പര്‍ ഹെവിവെയ്റ്റ് അങ്കം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30ന് കിക്കോഫ്.
ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി തോറ്റെങ്കില്‍ അപരാജിതരായാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഹാരി കെയ്ന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ഇതുവരെ ഇംഗ്ലണ്ടിന്റേത്. യുവതാരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകയൊ സാക്ക, റാഷ്ഫോര്‍ഡ്, ഫില്‍ ഫോഡന് എന്നിവര്‍ ഏത്ര കരുത്തുറ്റ പ്രതിരോധ നിരയെയും പൊളിച്ചടുക്കാന്‍ കഴിയുന്നവരുമാണ്. ചാമ്പ്യന്‍ഷിപ്പിനിടെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റഹിം സ്റ്റര്‍ലിങ് ടീമിലേക്ക് തിരിച്ചെത്തുമെന്നതും ഇംഗ്ലണ്ടിന് ശുഭവാര്‍ത്ത. 4-3-3 ശൈലിയില്‍ തന്നെ ഇന്നും ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ഇറക്കാനാണ് സാധ്യത. ഹാരി മഗ്വയറും ഷായും വാക്കറും നയിക്കുന്ന പ്രതിരോധവും അതിശക്തം. ഈ ലോകകപ്പില്‍ ഇതുവരെ 12 ഗോളടിച്ച അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്. അതുതന്നെ അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വെളിവാക്കുന്നു.
കൈലിയന്‍ എംബാപ്പെ എന്ന സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യമാണ് ഫ്രാന്‍സിനെ കുറച്ച് കൂടുതല്‍ ശക്തമാക്കുന്നത്. 4-2-3-1 എന്ന് ശൈലിയില്‍ ഒളിവര്‍ ജിറൂഡിനെ സ്ട്രൈക്കറാക്കിയാകും ഫ്രാന്‍സിന്റെ പടപ്പുറപ്പാട്. ഗ്രിസ്മാനും എംബാപ്പെയും ഡെംബലെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായും കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് പാടുപെടേണ്ടിവരും. കഴിഞ്ഞ നാല് കളികളില്‍ നിന്ന് ഒമ്പത് ഗോളടിച്ച അവര്‍ നാലെണ്ണം വഴങ്ങി. ഇംഗ്ലണ്ടും ഫ്രാന്‍സും ഇതുവരെ 31 തവണ ഏറ്റുമുട്ടി.
പതിനേഴില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഫ്രാന്‍സ് ഒമ്പതെണ്ണം ജയിച്ചു. അഞ്ചെണ്ണം സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: