ഷിംല: കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിയ്ക്കുന്ന 37 വര്‍ഷത്തെ ചരിത്രമുള്ള ഹിമാചലില്‍ ബിജെപിയ്ക്ക് തുടര്‍ഭരണം നഷ്ടമായത് ഒരു ശതമാനം വോട്ടിന്റെ കുറവില്‍. എന്നാല്‍ കഷ്ടിച്ച് കിട്ടിയ അധികാരക്കസേരയില്‍ ആര് ഇരിയ്ക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂട്ടയടി തുടരുന്നു.
മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്റും വിഷമിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള സമരം റോഡിലേക്കും നീളുകയാണ്.
മുഖ്യമന്ത്രിക്കസേര തനിക്ക് വേണമെന്ന അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് ഹിമാചല്‍പ്രദേശ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുയായികള്‍ ഹൈക്കമാന്റ് നിരീക്ഷകരുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് ഉന്തിലും തള്ളിലും കലാശിതച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് എത്തിയതായിരുന്നു കേന്ദ്ര നിരീക്ഷകനായ ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇദ്ദേഹത്തിന്റേതടക്കമുള്ല വാഹനവ്യൂഹം പ്രതിഭാസിങ്ങിന്റെ അനുയായികള്‍ തടഞ്ഞു.
പ്രതിഭാ സിങ്ങ് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ ഹിമാചല്‍പ്രദേശിന്റെ കോണ്‍ഗ്രസ് ഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന മറ്റ് രണ്ട് പ്രധാനികള്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സുഖ്വിന്ദര് സുഖുവും മുന്‍ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രിയുമാണ്.
ഹിമാചല്‍ പ്രദേശില്‍ 60 സീറ്റുകളില്‍ 40 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിജെപി 25 സീറ്റുകള്‍ നേടി. ഇവിടെ കഴിഞ്ഞ 37 വര്‍ഷമായി മാറി മാറി ഭരിയ്ക്കുന്ന രീതി 2022ലും ആവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: