കോഴിക്കോട് : പ്രവേശന പരീക്ഷാ യോഗ്യത ഇല്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസിലിരുന്നു. നാല് ദിവസമാണ് വിദ്യാര്‍ത്ഥിനി യാതൊരു യോഗ്യതാ മാനദണ്ഡവും പാലിക്കാതെ ക്ലാസ്സില്‍ ഇരുന്നത്. സംഭവം വിവാദമായതോടെ കോഴ്സ് കോര്‍ഡിനേറ്ററോടും മൂന്ന് വകുപ്പ് മേധാവികളോടും വിശദീകരണം തേടി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജിത്ത് കുമാര്‍.
ആദ്യ അലോട്ട്മെന്റില്‍ മൂന്ന് ദിവസം വിദ്യാര്‍ത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ചാണ് പ്രവേശനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സെക്ഷന്‍ ക്ലര്‍ക്കുമാരും കോളേജ് അധികൃതരും ചേര്‍ന്ന് രേഖകള്‍ എല്ലാം പരിശോധിച്ചിരുന്നു. പിന്നീട് നടന്ന സെക്കന്‍ഡ് അലോട്ട്മെന്റില്‍ 49 കുട്ടികളാണ് പ്രവേശനം നേടിയത്. ഇനി നാല് പേര് കൂടി പ്രവേശനം നേടാനുണ്ട്.
ആരോപണം നേരിടുന്ന വിദ്യാര്‍ത്ഥിനി ക്ലാസ്സിലെത്തിയത് തിങ്കളാഴ്ച ദിവസം ആയതിനാലും ക്ലാസുകള്‍ തുടങ്ങാന്‍ സമയമായതിനാലും എല്ലാ കുട്ടികളെയും ക്ലാസില്‍ കയറ്റുകയും ഹാജര്‍ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലാണ് ക്ലാസ്സിലേക്ക് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെട്ടത്.
ക്ലാസ്സിലെത്തിയ എല്ലാ കുട്ടികളുടെയും അഡ്മിറ്റ് കാര്‍ഡ് പരിശോധിക്കാന്‍ സമയംകിട്ടിയില്ല. പല കുട്ടികളും വീട്ടില്‍നിന്ന് നേരിട്ട് വന്നതിനാല്‍ അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ വിട്ടുപോയെന്നും പറഞ്ഞിരുന്നു. ഹാജര്‍ പട്ടിക പരിശോധിച്ചപ്പോളാണ് 245 പകരം 246 കുട്ടികളുടെ പേരുകള്‍ കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ കോളേജില്‍ കണ്ടിട്ടില്ല. പ്രവേശന നടപടികള്‍ നടക്കുന്ന ദിവസവും കുട്ടി എത്തിയിരുന്നില്ലെന്നും വൈസ് പ്രിന്‍സിപ്പള്‍ പറഞ്ഞു.
സംഭവം ഡിഎംഇയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ അദ്ദേഹം കൈക്കൊള്ളും. അഡ്മിറ്റ് കാര്‍ഡ് വെച്ചു മാത്രമേ ഇനി പ്രവേശനം നല്‍കാവൂവെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വൈസ് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: