ഗാന്ധിനഗര്‍: 27 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഗുജറാത്തില്‍ ഇക്കുറി പാര്‍ട്ടി ലക്ഷ്യമിട്ട റെക്കോര്‍ഡ് വിജയം കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്ക് സാധിച്ചു. പറയുന്നത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തിക്കുന്നതേ പറയുമെന്നുമുള്ള നയം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി ഗുജറാത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടിയുടെ ലക്ഷ്യം റെക്കോര്‍ഡ് വിജയമാണെന്ന് പലതവണ വ്യക്തമാക്കിയിരുന്നു. ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതായിരുന്നു ഓരോ പ്രവര്‍ത്തകന്റെയും ലക്ഷ്യം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരത്തിലേറിയത് കോണ്‍ഗ്രസായിരുന്നു, 1985ല്‍ 149 സീറ്റുകള്‍. അതില്‍ നിന്ന് ഒരു പടി കൂടി കടന്ന് 150 സീറ്റുകളാണ് ബിജെപി ലക്ഷ്യം വെച്ചത്. എന്നാല്‍ 156 സീറ്റുകള്‍ ലഭിച്ചു.
ഒമ്പത് സീറ്റുകളുമായി ഗുജറാത്ത് നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചതാണ് ബിജെപി. 1995ല്‍ 121, 1998ല്‍ 117, 2002ല്‍ 127, 2007ല്‍ 117, 2012ല്‍ 115, 2017ല്‍ 99 സീറ്റുമാണ് നേടിയത്. 2002ല്‍ 127 സീറ്റ് ലഭിച്ചതാണ് ബിജെപിയുടെ ഏറ്റവുമുയര്‍ന്ന സീറ്റ്. 2017ല്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം നൂറില്‍ താഴെ എത്തിയത്. 2014ലെയും 2019ലെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളിലും ബിജെപിയാണ് വെന്നിക്കൊടി പാറിച്ചത്. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 59 ശതമാനം വോട്ട് ആയിരുന്നെങ്കില്‍ 2019ല്‍ അത് 62 ആയി ഉയര്‍ന്നു.
1990ലാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തി. മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. 121 സീറ്റ് നേടി കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി സുരേഷ് മേത്ത, കേശുഭായ് പട്ടേല്‍, നരേന്ദ്രമോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ്രൂപാണി, ഭൂപേന്ദ്രപട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ബിജെ
പി മുഖ്യമന്ത്രിമാരായി. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് നരേന്ദ്രമോദിയാണ്. 12 വര്‍ഷവും 220 ദിവസവും. വൈബ്രന്റ് ഗുജറാത്ത് അടക്കമുള്ള പദ്ധതികളിലൂടെ ഗുജറാത്തിന് വികസനത്തിന്റെ പുതുയുഗമാണ് മോദി സമ്മാനിച്ചത്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്ര സുഗമമാക്കിയത് ഗുജറാത്ത് മുഖ്യമന്ത്രി പദമായിരുന്നു.
വിജയ ശില്‍പ്പികള്‍
ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കൂടി അവകാശപ്പെട്ടത്. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിക്ക് തിളക്കമേറിയ വിജയം സമ്മാനിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇരുവര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമുതല്‍ സംസ്ഥാനത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളിലും ഇരുവരുടെയും കൃത്യമായ മേല്‍നോട്ടമുണ്ടായിരുന്നു.
തുടര്‍ച്ചയായി കാല് നൂറ്റാണ്ടിലധികം സംസ്ഥാനത്ത് ഭരണ ത്തിലിരിക്കുന്ന ബിജെപിയ്ക്ക് തുടര്‍ഭരണം എതിരാളികളില്ലാത്ത വിജയമാകുമെന്നുറപ്പായിരുന്നു. എന്നാലും വിശ്രമിക്കാന്‍ പോ ലും നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല.
സെമി ഫൈനലില്‍ ഗോള്‍ മഴ
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പ്. ഫൈനലിനെന്ന പോലെ സെമിഫൈനലിനും മോദി, അമിത്ഷാ ടീം നേതൃത്വം നല്കി. ദിവസങ്ങളോളമാണ് ഇരുവരും സംസ്ഥാനത്ത് തങ്ങിയത്. കിലോമീറ്ററുകള്‍ നീളുന്ന റോഡ് ഷോകള്‍, ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ എല്ലാം ബിജെപിയ്ക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചു.
പതിനാല് നിയമസഭാ മണ്ഡലങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നടത്തിയ പുഷ്പാഞ്ജലി യാത്ര വലിപ്പം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും വലിയ റോഡ്ഷോയായി. പത്തുലക്ഷം പേര് ആ മെഗാറോഡ് ഷോയുടെ ഭാഗമായെന്നാണ് കണക്ക്. മൂന്നും നാലും മഹാറാലികളിലാണ് മോദിയും അമിത്ഷായും ഓരോ ദിവസവും പങ്കെടുത്തത്.
ആപ്പിന് നേരെ വാതിലടച്ച് ഗുജറാത്ത് ജനത
ഗുജറാത്തില്‍ ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായി സൗജന്യങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്ത ആപ്പിന് ലഭിച്ചത് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ജനങ്ങള്‍ ആപ്പിന്റെ സൗജന്യ വാഗ്ദാനങ്ങള്‍ തള്ളി.പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ ജാതി രാഷ്ട്രീയം വീണ്ടും ഗുജറാത്തിന്റെ മണ്ണില്‍ വളര്‍ത്താനും ആപ്പ് ശ്രമിച്ചു. എന്നാല്‍ അതെല്ലാം അസ്ഥാനത്തായി.
ആപ്പ് അട്ടിമറിവിജയം നേടുമെന്നുവരെ ബിജെപി വിരുദ്ധത മുഖമുദ്രയാക്കിയ മലയാള മാധ്യമങ്ങളുള്‍പ്പെടെ തട്ടിവിട്ടു. ഗുജറാത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുകയായിരുന്നു അവരില്‍ മിക്കവരും. എന്നാല്‍ ഗുജറാത്ത് ജനത പ്രചരാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആപ്പിന് നേരെ വാതിലടച്ചിരുന്നു. സൗജന്യങ്ങള്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കുമല്ലോയെന്ന ചോദ്യമാണ് ആപ്പ് നേതാക്കള്‍ക്ക് പ്രചാരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ലെങ്കിലും ആപ്പിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടാണ് കുത്തനെ ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: