വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തിലേറെയായി നടന്നുകൊണ്ടിരുന്ന അക്രമാസക്ത സമരം സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് നിര്‍ത്തിവച്ചതില്‍ ആശ്വസിക്കാം. സമരക്കാര്‍ ഉന്നയിച്ച ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടും തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കാതെ സമരം പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു ലത്തീന്‍ അതിരൂപതാ നേതൃത്വം. അവരാണിപ്പോള്‍ പുതിയ ആവശ്യങ്ങളൊന്നും അംഗീകരിക്കാതിരുന്നിട്ടും സമരം നിര്‍ത്തിയത്! നിര്‍മാണ പ്രവര്‍ത്തനവും സഞ്ചാരസ്വാതന്ത്ര്യവും തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അത് വകവയ്ക്കാതെ പദ്ധതി പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തുകയാണ് സമര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ ഇതിനോട് മൃദുസമീപനം സ്വീകരിച്ചതിനാല്‍ അന്തരീക്ഷം മുതലെടുത്ത് വലിയൊരു കലാപം തന്നെ സമരക്കാര്‍ അഴിച്ചുവിട്ടു. ക്രൈസ്തവ മതനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ആയിരക്കണക്കിന് സമരക്കാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമം നടത്തിയതിന് അറസ്റ്റിലായവരെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിട്ടയയ്ക്കുകയും ചെയ്തു. അക്രമത്തിനു പ്രേരിപ്പിച്ചവരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. സമരക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയുടെ തെളിവായി ഇതിനെ കരുതാം.
സമരം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും എന്തിനായിരുന്നു ഈ സമരം എന്ന ചോദ്യം ഓരോ പൗരനും ചോദിക്കേണ്ടതുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി ഉള്‍പ്പെടെ പദ്ധതിക്കുവേണ്ട എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് തുറമുഖ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ചവര്‍ തുറമുഖം നിര്‍മിക്കുന്ന അദാനിയുടെ കമ്പനിയെ മാത്രമല്ല, സുപ്രീംകോടതിയെ തന്നെയാണ് വെല്ലുവിളിച്ചത്. സമരക്കാര്‍ക്ക് ഗൂഢലക്ഷ്യമായിരുന്നു. വിഴിഞ്ഞത്ത് ഒരു മദര്‍പോര്‍ട്ടു വന്നാല്‍ രാജ്യത്തിന്റെ വികസനത്തെ അത് വന്‍തോതില്‍ മുന്നോട്ടു നയിക്കും. വിഴിഞ്ഞം തുറമുഖം ചരക്കു കൈമാറ്റത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നതോടെ മറ്റ് ചില രാജ്യങ്ങളിലെ തുറമുഖങ്ങള്‍ക്ക് തിരിച്ചടിയാവും. ഈ രാജ്യങ്ങളുമായി ബന്ധമുള്ള ശക്തികളാണ് സമരം കുത്തിപ്പൊക്കിയതെന്ന ആരോപണം നിഷേധിക്കാനാവില്ല. സമരക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചു എന്ന വാര്‍ത്തകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയത്തിനെതിരെ സമരം ചെയ്ത ശക്തികളാണ് അതേ മാതൃകയില്‍ വിഴിഞ്ഞത്തും സമരത്തിനിറങ്ങിയത്. രാജ്യത്തിന്റെ ഊര്‍ജ്ജോല്‍പ്പാദനം തടസ്സപ്പെടുത്തുകയായിരുന്നു കൂടംകുളം സമരത്തിന്റെ ലക്ഷ്യം. കൂടംകുളത്തിന്റെ തനിയാവര്‍ത്തനമാണ് വിഴിഞ്ഞത്ത് കണ്ടതെങ്കിലും അക്കാര്യം ചൂണ്ടിക്കാട്ടാന്‍ ഭരണാധികാരികളോ മാധ്യമങ്ങളോ തയ്യാറായില്ല. സമരക്കാരുടെ ദുഷ്ടലാക്ക് വെളിപ്പെടാതിരിക്കാനായിരുന്നു ഇതെന്ന് സംശയിക്കണം. ജന്മഭൂമി മാത്രമാണ് സമരക്കാരുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയാണെന്നു പറയുമ്പോഴും അവസാനിച്ചത് ഒന്നാംഘട്ടം മാത്രമാണെന്ന് മതനേതാക്കള്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തുറമുഖനിര്‍മാണത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കോടതിയും ഇതിനെ അനുകൂലിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായിരുന്നു നിര്‍ദേശം. ഇത് ഒരു അപകട സൂചനയായി സമരക്കാര്‍ കണ്ടിരിക്കണം. സമരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും നയമായിരിക്കില്ല കേന്ദ്ര സേനയുടേത്. അവര്‍ ചുമതല നിര്‍വഹിക്കും. സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ സമരം നേരത്തെ അവസാനിപ്പിക്കാമായിരുന്നു. അതിനു പകരം സമരക്കാരുടെ താളത്തിനു തുള്ളുകയാണുണ്ടായത്. സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസിനെ നോക്കുകുത്തിയാക്കിയത് സര്‍ക്കാരാണ്. ഇപ്പോള്‍ നിവൃത്തിയില്ലാതെ ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പദ്ധതി പ്രദേശത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സമരക്കാര്‍ ആരും താമസിക്കുന്നില്ല. എന്നിട്ടും സര്‍ക്കാരുമായും തുറമുഖനിര്‍മാണ കമ്പനിയുമായും വിലപേശി കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ വാങ്ങിക്കഴിഞ്ഞു. എന്നിട്ടിപ്പോള്‍ അദാനിയുടെ പണം വേണ്ടെന്നു പറയുന്നത് കാപട്യവും പരിഹാസ്യവുമാണ്. സമരക്കാരെപ്പോലെ സംഘടിത മതശക്തിയല്ലാത്തതിനാല്‍ പദ്ധതി പ്രദേശത്ത് കഴിയുന്ന ഹിന്ദുവിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണ്. അവരാണ് സഹായം അര്‍ഹിക്കുന്നത്. അധികൃതരുടെ ശ്രദ്ധ ഇതിലേക്ക് തിരിയണം. പദ്ധതി പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: