ഇരിട്ടി: ആറ് നാളായിത്തുടരുന്ന കടുവാപ്പേടിയില്‍ നിശ്ചലാവസ്ഥയിലായിരിക്കയാണ് മലയോരത്തെ ജനജീവിതം. തിങ്കളാഴ്ച പുലര്‍ച്ചെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കൂമന്തോട്-വിളമന റോഡിലെ റബ്ബര്‍ തോട്ടങ്ങള്‍ നിറഞ്ഞ കുന്നിന് പ്രദേശത്ത് ഇപ്പോഴും കടുവ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ കുന്നിന് പ്രദേശത്ത് കടുവ ഏതോ മൃഗത്തെ വേട്ടയാടി പിടിക്കുന്നതിന് സമാനമായ അലര്‍ച്ച കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി മുഴുവന്‍ നാലുവാഹനങ്ങളിലായി നാട്ടുകാരും മൂന്ന് വാഹനങ്ങളിലായി വനം വകുപ്പും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു ജാഗ്രത ഉറപ്പാക്കി.
കടുവയുടെ അലര്‍ച്ചകേട്ട ഭാഗത്ത് പുലര്‍ച്ചയോടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിങ്കിരിയില്‍ ജനവാസമേഖലയിലൂടെ ഒഴുകുന്ന ചെറിയ തോട്ടില്‍ മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കാല്‍പ്പാട് കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വിളമനയുടെ കുന്നിന് മേഖലയില്‍ തന്നെയാണ് കടുവ തുടരുന്നത് എന്നുള്ള നിഗമനം ശക്തമാക്കിയത്.
ഇതേസമയം നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കം വനം വകുപ്പ് താല്‍ക്കാലികമായി ഉപേക്ഷിച്ചു. കടുവയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ നിര്‍ണ്ണയം നടത്താനാവാത്തതും ഏതു സ്ഥലത്ത് ക്യാമറ വെക്കണം എന്നുള്ളതില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാത്തതുമാണ് ഇതിന് കാരണം. മാട്ടറ പീടിക കുന്നില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കടുവയെ ആദ്യം കണ്ടത് മുതല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിവരെ വിളമന കുന്നില്‍ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയത് വരെ 20 കിലോമീറ്റര്‍ ജലവാസമേഖലയിലൂടെ സഞ്ചരിച്ചതായാണ് വനപാലകരുടെ നിഗമനം.
ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള കടുവയാണ് വനത്തില്‍ നിന്നും ജനവാസ മേഖലയിലെത്തിയതെന്നാണ് കരുതുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ക്യാമറ വെച്ചതുകൊണ്ട് ഇതിനെ കണ്ടെത്താനോ തുടര്‍നടപടികള്‍ സ്വീകരിക്കുവാനോ ഇക്കാരണങ്ങളാല്‍ വിഷമത ഉള്ളതായി ഡെപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍ പറഞ്ഞു. മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും വിധമുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കുന്നതിന് കൂടിയാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉളിക്കല്‍, പായം പഞ്ചായത്തുകളിലെയും ഒമ്പതോളം വാര്‍ഡുകളിലാണ് പോലീസും വനംവകുപ്പും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ അറബി, കതുവാപ്പറമ്പ്, വയത്തൂര്, ഉളിക്കല്‍ ഈസ്റ്റ്, ഉളിക്കല്‍ വെസ്റ്റ്, പായം പഞ്ചായത്തിലെ വിളമന, ഉദയഗിരി, പെരിങ്കരി, മാടത്തില്‍ എന്നീ വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങളുള്ളത്.
ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളാണ് ഈ മേഖലകളിലുള്ളത്. കാലത്ത് നാലുമണിമുതലാണ് ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നത്. നിയന്ത്രണം വന്നതോടെ കര്‍ഷകര്‍ ടാപ്പിംഗ് പാടേ നിര്‍ത്തിവെച്ചു. കാലത്ത് സഹകരണസംഘങ്ങളില്‍ പാലെത്തിക്കുന്ന ക്ഷീരകര്‍ഷകരെയും കടുവാപ്പേടിയും ഇതോടൊപ്പം വന്ന നിയന്ത്രങ്ങളും ബാധിച്ചു.
രാത്രിയാത്ര പാടില്ലാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ വീടുകളില്‍ കതകടച്ചിരിക്കുകയാണ് ജനങ്ങള്‍. ഒറ്റക്ക് നടക്കുന്നതിനും നിയന്ത്രണമുണ്ട്. രാവിലെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍, പ്രഭാതസവാരിക്കാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മേഖലയാകെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങി. ഇനി എത്രനാള്‍ ഇത് തുടരേണ്ടി വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: