കിളികളുടെ ദിവസമായിരുന്നു ലോകകപ്പില്‍ കഴിഞ്ഞ ദിവസം.
ലോകകപ്പില്‍ നെയ്മറുടെ വരവും ബ്രസീലിന്റെ ഉണര്‍വും കണ്ടപ്പോള്‍ ഓര്‍മവന്നത് നളചരിതം ആട്ടക്കഥയിലെ ഹംസത്തിന്റെ പദമാണ്. നളനെക്കുറിച്ച് ദമയന്തിയോട് ഹംസം ഇങ്ങനെ പറയുന്നു:
‘വിഷ്ണു രമയ്‌ക്ക്
നിശയ്‌ക്ക് ശശാങ്കന്‍
ഉമയ്‌ക്ക് ഹരന്‍
നളനോര്‍ക്കില്‍ നിനക്കും’
ആ കളി കണ്ടപ്പോള്‍, നെയ്മറോട് പറയാന്‍ തോന്നി: അര്‍ജന്റീനയ്‌ക്ക് മെസി, ഫ്രാന്‍സിന് എംബാപ്പെ, പോര്‍ച്ചുഗലിന് റൊണാള്‍ഡോ, ഇഗ്ലണ്ടിന് ഹാരി കെയ്ന്‍, ബ്രസീലിന് നീയും എന്ന്. ഒരു കളിക്കാരന്റെ സാന്നിധ്യം ടീമിന് മൊത്തം എങ്ങനെ ഊര്‍ജം പകരും എന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു ദക്ഷിണ കൊറിയയെ അമ്മാനമാടിയ ബ്രസീലിന്റെ മഞ്ഞ കിളിക്കൂട്ടത്തിന്റെ കളി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ ബ്രസീലിനെയല്ല കൊറിയയ്‌ക്കെതിരെ കണ്ടത്. മറ്റുള്ളവരിലേക്ക് റെഡിയേറ്റ് ചെയ്യുന്ന ഒരുതരം ഊര്‍ജ തരംഗം ചിലരിലുണ്ടാകും. ബെക്കന്‍ബോവറും ക്രൈഫും പെലെയും മറഡോണയും പ്ലാറ്റീനിയും സിദാനും മറ്റും അടങ്ങുന്ന അത്തരക്കാരുടെ നിരയില്‍പ്പെടും നെയ്മര്‍ അടക്കമുള്ള ഇന്നത്തെ മുന്‍പറഞ്ഞ നിര. അതെന്താണെന്ന് നെയ്മര്‍ കാണിച്ച് തന്നതാണ്. വെറുതെയല്ല കളിക്കളത്തിലെ വില്ലന്മാര്‍ അത്തരക്കാരെ നോട്ടമിടുന്നത്.
കൊറിയയ്‌ക്ക് എതിരെ ആദ്യ പകുതിയിലെ ഉഷാര്‍ രണ്ടാം പകുതിയില്‍ ബ്രസീലിന് കിട്ടാതെ പോയതാണോ അവര്‍ സ്വയംവേണ്ടെന്നു വച്ചതാണോ എന്നു സംശയം തോന്നും. ഒരു പക്ഷെ അവരുടെ തന്നെ ഒരു പഴയ നാണക്കേടിന്റെ കഥ ഓര്‍മ വന്നിട്ടുണ്ടാവും. ജര്‍മനിയോട് ബ്രസീല്‍ 7-1ന് തോറ്റ 2014 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യപകുതിയില്‍ സ്‌കോര്‍ 5-0 ആയിരുന്നു. ഇടവേളയില്‍ അന്ന് ജര്‍മനി ഒരു തീരുമാനമെടുത്തതായി അനൗദ്യോഗിക വാര്‍ത്തയുണ്ടായിരുന്നു. സ്വന്തം മണ്ണില്‍ ബ്രസീലിനെ വല്ലാതെ നാണം കെടുത്തേണ്ട എന്ന്. പത്തിന് മുകളില്‍ പോകാമായിരുന്നു സ്‌കോര്‍ അങ്ങനെയാണത്രേ 7-1ല്‍ ഒതുങ്ങിയത്. കൊറിയയ്‌ക്കെതിരെ ബ്രസീലും അങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ? ലോകകപ്പല്ലേ, ഇത്രയൊക്കെ മതി എന്ന്!
ക്രൊയേഷ്യയ്‌ക്കെതിരെ തോല്‍വിയിലും ജപ്പാന്‍ കളിച്ച കളിയാണ് കളി. പക്ഷെ അതിനെ നിഷ്പ്രഭമാക്കികളഞ്ഞു
ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ അഭ്യാസം. മാനസികമായി തളര്‍ന്ന ജപ്പാന്‍കാരുടെ ഷോട്ടുകള്‍ അത്ര ശക്തമായിരുന്നില്ല എന്നത് ശരി. എങ്കിലും നാല് സ്‌പോട്ട് കിക്കില്‍ മൂന്നും തടയുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. അതിനേക്കാള്‍ ഉപരി അത് ചെയ്ത രീതിക്ക് കൈ കൊടുക്കണം. ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപം. ഗോപുരം പോലെ ഉയരം. ആല്‍ബട്രോസ് പക്ഷി ചിറകു വിരിച്ചത് പോലെ കൈകള്‍ വിടര്‍ത്തിയുള്ള ആ നില്‍പ്പും പുള്ളിപ്പുലിയെപ്പോലെ പന്തിനെ ആക്രമിച്ചു കീഴടക്കുന്ന ചാട്ടവും.
സെറ്റ് പീസുകള്‍, പ്രത്യേകിച്ച് പെനാല്‍റ്റി കിക്ക്, നേരിടാന്‍ പ്രത്യേക സിദ്ധി വിശേഷം ചിലര്‍ക്കുണ്ട്. ഗോള്‍മുഖത്ത് ഏകനായി നില്‍ക്കുക എന്ന നിസ്സഹായാവസ്ഥയുണ്ടെങ്കിലും, പന്ത് വരുന്നു എന്നു മുന്‍കൂട്ടി അറിയാമെന്ന ആനുകൂല്യവുമുണ്ട്. കിക്കെടുക്കുന്നവരുടെ ചലനങ്ങള്‍ നിരീക്ഷിച്ച്, പന്തിന്റെ ദിശ നിര്‍ണയിക്കാനുള്ള കഴിവുണ്ട് ചില ഗോള്‍കീപ്പര്‍മാര്‍ക്ക്. പല ടീമുകളും ഇത്തരം ഒരു ഗോളിയെ കരുതിവയ്‌ക്കുന്ന പതിവുണ്ട്. കളി ഷൂട്ട്ഔട്ടിലേക്കാണെന്ന് കണ്ടാല്‍ അവരെ ഫീല്‍ഡിലിറക്കും. 1990 ലോകകപ്പില്‍ പെനല്‍റ്റി സ്പെഷ്യലിസ്റ്റ് ഗോളിയായ ഗോയിക്കോഷ്യയുടെ മികവിലാണ് അര്‍ജന്റീന ഫൈനല്‍ വരെ കയറിപ്പോയത്. അവിടെ ജര്‍മനിക്ക് മുന്നില്‍ ഒരു പെനല്‍റ്റി കിക്ക് ഗോളിന് തന്നെ അവര്‍ വീണു എന്നത് വേറെ കാര്യം. ഏതായാലും ഇനിയുള്ള മത്സരങ്ങളില്‍ ഈ ക്രൊയേഷ്യന്‍ കീപ്പറെ എതിരാളികള്‍ സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: