ദോഹ: കുതിച്ചുപാഞ്ഞ ജപ്പാന്‍ യോദ്ധാക്കളെ തടഞ്ഞുനിര്‍ത്തി ക്രൊയേഷ്യന്‍ പോരാട്ടം അവസാന എട്ടിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ (1-1) ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തോല്‍പ്പിച്ച് നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്ത് ജപ്പാനായി ദെയ്‌സന്‍ മെയ്ദയും ക്രൊയേഷ്യക്കായി ഇവാന്‍ പെരിസിച്ചും സ്‌കോര്‍ ചെയ്തു.
ആദ്യം ലീഡ് നേടിയിട്ടും പൊരുതിക്കളിച്ചിട്ടും ഷൂട്ടൗട്ട് ഭാഗ്യം ജപ്പാനൊപ്പമായിരുന്നില്ല. ക്രൊയേഷ്യന്‍ ഗോളി ഡൊമനിക്ക് ലിവാകോവിച്ച് വലയ്‌ക്കു മുന്നില്‍ അവിശ്വസനീയമാംവിധം മതിലായപ്പോള്‍ മൂന്ന് കിക്കുകളാണ് തടഞ്ഞിട്ടത്. ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. ടകുമ അസാനോ ലക്ഷ്യം കണ്ടു. ക്രൊയേഷ്യക്കായി നിക്കോള വഌസിച്ച്, മാഴ്‌സലോ ബ്രോസോവിച്ച്, മരിയൊ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ക്കൊ ലിവായയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. റഷ്യന്‍ ലോകകപ്പിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ ജയിച്ചാണ് ക്രൊയേഷ്യ മുന്നേറിയത്.
ഷൂട്ടൗട്ടിലെ സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതിരുന്നത് ജപ്പാന് തിരിച്ചടിയായി. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടേപ്പാള്‍ സമ്മര്‍ദം അതിന്റെ പരകോടിയിലായിരുന്നു. ജപ്പാന്‍ താരങ്ങളുടെ ഷോട്ടുകള്‍ തന്നെ അതിന് തെളിവ്. ഗോളിയുടെ സേവ് എന്ന് പ്രകീര്‍ത്തിക്കുമ്പോഴും അത്ര മികച്ചതായിരുന്നില്ല ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍. അതോടെ ജപ്പാന്‍ വീരഗാഥയുടെ ഒഴുക്ക് നിലച്ചു. പരിചയസമ്പത്ത് എങ്ങനെയാണ് വമ്പന്‍ കളികളില്‍ ഒരു ടീമിന് ആത്മവിശ്വാസം നല്‍കുന്നതെന്ന് ക്രൊയേഷ്യ കാണിച്ചുതന്നു. തുടര്‍ച്ചയായി ഏഴാം ലോകകപ്പ് കളിക്കുന്ന ടീം നാലാം തവണയാണ് പ്രീ ക്വാര്‍ട്ടറില്‍ വീണുപോകുന്നത്. 2010-ലും ഷൂട്ടൗട്ടില്‍ പരാഗ്വെയോടായിരുന്നു അടിയറവ്.
എങ്കിലും തലയുയര്‍ത്തിതന്നെയാണ് ജപ്പാന്‍ ഖത്തറില്‍ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരെയാണ് അവര്‍ അട്ടിമറിച്ചത്. ജര്‍മനിയെയും സ്പെയ്‌നിനെയും. ജപ്പാന് പിന്നാലെ ദക്ഷിണ കൊറിയ ബ്രസീലിനോടും തോറ്റ് പുറത്തായതോടെ ലോകകപ്പിലെ ഏഷ്യന്‍ രാജ്യങ്ങളുടെ കുതിപ്പിനും വിരാമമായി. ഈ ലോകകപ്പില്‍ രണ്ട് വമ്പന്‍ അട്ടിമറി നടത്തിയ ഏക ടീമെന്ന ബഹുമതി സമുറായ് പടയ്‌ക്ക് സ്വന്തമാണ്. മറ്റൊരു ലോകകപ്പിലും ഒരു ഏഷ്യന്‍ രാജ്യം ഇത്രയും വലിയ രണ്ട് അട്ടിമറി നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: