കൊച്ചി ശബരിമലയില്‍ രണ്ട് തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി. ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസോ, വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഒരാളും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്കാന് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിലക്കല്‍ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഇടപെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഈ വിധി. എന്‍ഹാന്‍സ് എവിയേഷന്‍ കമ്പനിയുടെ ഒരു പരസ്യമായിരുന്നു വിവാദം സൃഷ്ടിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനസര്‍വ്വീസ് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു വെബ്സൈറ്റില്‍ ഈ കമ്പനി പരസ്യം നല്‍കിയത്. കൊച്ചിയില്‍ നിന്നും നിലയ്ക്കലിലേക്കാണ് കമ്പനി വിമാന സര്‍വ്വീസ് വാഗ്ദാനം ചെയ്തത്. ഹെലികോപ്റ്ററില്‍ നിലക്കലില്എത്തിക്കുന്ന ഭക്തരെ ഡോളിയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകുമെന്നും ദര്‍ശനത്തിന് ശേഷം വീണ്ടും ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കെത്തിക്കും എന്നുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ പരസ്യം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയോടും പത്തനംതിട്ട ജില്ലാ കളക്ടറോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: