ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ജി20 അധ്യക്ഷപദവിയെ ഇകഴ്ത്തിക്കാട്ടി സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഇത് സ്ഥിരം പദവിയല്ലെന്നും ഊഴമനുസരിച്ച് മാറിമാറിവരുന്നതാണെന്നുമായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ജി20 അധ്യക്ഷപദവി കൊണ്ടുവന്ന മോദി സര്‍ക്കാരിന്റെ ആവേശം തല്ലിക്കെടുത്താനുള്ള ഒരു പ്രസ്താവനയായിരുന്നു അത്. എപ്പോഴും ദോഷം മാത്രം കാണുന്ന ദോഷൈകദൃക്കുകളുടെ സംഘത്തില്‍ പ്പെട്ട വ്യക്തിയാണ് സീതാറാം യെച്ചൂരിയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല തിരിച്ചടിച്ചു.
ദേശീയ നേട്ടങ്ങളും ദേശീയാന്തസ്സും ഇടിച്ചുതാഴ്ത്തിക്കാണാന്‍ ഏതറ്റവും വരെ പോകുന്ന വ്യക്തിയാണ് യെച്ചൂരിയെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.
ജി20 അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് രാജ്യത്ത് പ്രതിപക്ഷപാര്‍ട്ടികളുമായി സമവായമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ ഈ വിമര്‍ശനം. ഒരുഭൂമി, ഒരു കുടുംബം എന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ഭാഗമായുള്ള സങ്കല്‍പ്പത്തെയും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്ത് അപകടകരമായ രീതിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്ന സാഹചര്യത്തില്‍ ഈ മുദ്രാവാക്യത്തിന് വിശ്വാസ്യതയില്ലെന്നായിരുന്നു യെച്ചൂരിയുടെ മറ്റൊരു വിമര്‍ശനം. വസുധൈവ കുടുംബകം എന്ന സങ്കല്പം ഏകത അടിച്ചേല്‍പിക്കലല്ലെന്നും വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ആഗോളകുടുംബം എന്നുള്ളതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
എന്നാല്‍ ലോകമാകെ ഇന്ത്യയെ പ്രതീക്ഷയുടെ തുരുത്തായി കാണുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഉക്രൈന്-റഷ്യ പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് മഹാമാരി നേരിടുന്നതിലും ഇന്ത്യയാണ് ലോകത്തിന്റെ മാതൃക. എന്നാല്‍ ചിലര്‍ പാര്‍ട്ടി താല്പര്യങ്ങളെ രാജ്യതാല്പര്യത്തിനും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും ഷെഹ്സാദ് പൂനവാല, യെച്ചൂരിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
കുടുംബതാല്‍പര്യങ്ങളെ രാജ്യതാല്പര്യങ്ങളേക്കാള് മുകളില്‍ പ്രതിഷ്ഠിക്കുന്നവര്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഒരു ചായ് വാല പ്രധാനമന്ത്രിയാവുകയും ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇവര്‍ക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകസമാധാനം കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ലോകമാകെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കുന്നതിലും കോവിഡിനെ നേരിടുന്നതിലും ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വലിയ വര്‍ഗ്ഗീയലഹളകള്‍ നടന്നപ്പോഴെല്ലാം നിശ്ശബ്ദത പാലിക്കുന്ന ഇടതുപക്ഷം കപടനാട്യക്കാരാണ്. 1984ലെ സിഖ് കലാപം നടത്തിയ ജഗ്ദീഷ് ടൈറ്റ്ലറെ കോണ്‍ഗ്രസ് മുഖ്യ പ്രചാരണക്കാരനാക്കിയപ്പോള് ഇടതുപക്ഷം മൗനം പാലിച്ചു. – ഷെഹ്സാദ് പൂനവാല പറഞ്ഞു.
ചൈന നേരിടുന്ന പ്രതിസന്ധികള്‍ നാം കാണുന്നു. ചൈനയോട് ആശയചായ് വുള്ളവര്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ഓരോ അവസരവും ഉപയോഗിക്കുകയാണ്. ഒരു പക്ഷെ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് നേടാന്‍ വേണ്ടിയാണിത്. – ഷെഹ്സാദ് പൂനവാല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: