തിരുവനന്തപുരം: കെ.പി. ഗീതു, കട്ടേപാടത്ത് ഹൗസ്, ബിപി അങ്ങാടി, മലപ്പുറം… ഇതു സംസ്ഥാന സ്കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതുവിന്റെ വിലാസം. പക്ഷേ മത്സരത്തില്‍ കിട്ടിയ സ്വര്‍ണ മെഡല്‍ ആ വിലാസത്തിലെ വീട്ടില്‍ സൂക്ഷിക്കാനാകുമോയെന്നു ഗീതുവിന് അറിയില്ല. അവകാശികള്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം വീടുവിട്ടിറങ്ങണം. ആറു മാസമായി ജോലിക്കു പോകാനാകാത്തതിനാല്‍ ഗീതുവിന് 500 രൂപ കൊടുത്തുവിടാന്‍ പോലും അച്ഛന് ഏറെ ബുദ്ധിമുട്ടി. അപ്പോള്‍ വാടക വീട് എന്നതു സ്വപ്നം മാത്രമാണ്.
ബിപി അങ്ങാടിയില്‍ കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു ഗീതുവിന്റെ അച്ഛന് ചന്ദ്രന്. അച്ഛന്റെ പെങ്ങള്‍ക്കൊപ്പം കുടുംബവീട്ടിലാണ് അമ്മ രജനിയും സഹോദരിയും ഉള്‍പ്പെട്ട കുടുംബം കഴിയുന്നത്. അച്ഛന്റെ പെങ്ങള് ആറു മാസം മുമ്പു മരിച്ചു. അതിനിടെ കൂലിക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വില്‍ക്കുകയും ചെയ്തു. തൊഴിലില്ലാതായതോടെ വരുമാനം നിലച്ചു. കൂലിക്ക് വേറെ ഓട്ടോറിക്ഷ കിട്ടിയിട്ടില്ല. അസുഖ ബാധിതയായതിനാല്‍ അമ്മയ്ക്കും ജോലിക്കു പോകാനുമാകില്ല. പട്ടികജാതി സ്റ്റൈപന്ഡുള്ളതു കൊണ്ടാണ് സഹോദരി സീതുവിന്റെ ബിരുദ പഠനം മുടങ്ങാത്തത്. കുടുംബ വരുമാനം ഈ സ്റ്റൈപന്‍ഡ് മാത്രമാണെന്നു പറയാം. അമ്മയുടെ ബന്ധുക്കളുടെ സഹായവും റേഷനും കൊണ്ട് അരപ്പട്ടിണിയിലും കഴിഞ്ഞുപോകുന്നു.
അച്ഛന്റെ പെങ്ങള് മരിച്ചതോടെ വീടിന്റെയും വസ്തുവിന്റെയും അവകാശികള്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആവശ്യക്കാര്‍ വന്നു തുടങ്ങി. ഏതു നിമിഷവും വിറ്റു പോകും. പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വസ്തു ഉണ്ടെങ്കിലേ വീടു കിട്ടൂയെന്നും അതിനുള്ള തുകയുണ്ടോയെന്നുമായിരുന്നു അധികൃതരുടെ ചോദ്യം. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നല്കിയ അപേക്ഷയിലാണ് പ്രതീക്ഷ.
സ്കൂള്‍ അധികൃതരുടെ സഹായത്താല്‍ ഗീതുവിന്റെ കായികപരിശീലനം മുടങ്ങുന്നില്ല. മത്സരത്തിനിറങ്ങാനുള്ള ഷൂ അധ്യാപിക വാങ്ങിക്കൊടുത്തു. പോലീസിലോ സൈന്യത്തിലോ ചേരണമെന്നാണ് ഗീതുവിന്റെ സ്വപ്നം.
കിടക്കാനൊരിടവും തുടര്‍ പഠനവുമെല്ലാം ഈ പത്താം ക്ലാസുകാരിയുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: