ശാസ്താംകോട്ട: അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ കുട്ടിക്കുരങ്ങിന് പുതുജന്മം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ശാസ്താംകോട്ട ക്ഷേത്രത്തിലെ അന്തേവാസിയായ നാലുമാസം മാത്രം പ്രായമായ കുരങ്ങിന്കുഞ്ഞിനെ വയറ്റിലെ മുറിവിലൂടെ കുടല്‍മാല പുറത്തു വന്ന നിലയില്‍ ക്ഷേത്ര ഭരണാധികാരികള്‍ കണ്ടെത്തുന്നത്.
ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ കുട്ട ഉപയോഗിച്ച് കുരങ്ങിനെ കെണിയിലാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ ശേഷം അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് അവരുടെ നിര്‍ദേശാനുസരണം മുന്‍ വാര്‍ഡംഗം ദിലീപ് കുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ക്ഷേത്ര ജീവനക്കാരന് ജിനേഷ് എന്നിവര്‍ ചേര്‍ന്ന് കരുനാഗപ്പള്ളിയിലെ മൃഗങ്ങളുടെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ വെറ്റ്സ് ആന്‍ഡ് പെറ്റ്സില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കുരങ്ങിനെ കൂട്ടില്‍ വെച്ച് തന്നെ ഗ്യാസ് അനേസ്തീഷ്യ നല്കി മയക്കിയ ശേഷം പുറത്തെടുത്തു നടത്തിയ പരിശോധനയില്‍ കുടലിനു മാരകമായ ക്ഷതം പറ്റിയതായി കണ്ടെത്തി. ശേഷം നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയക്കൊടുവില്‍ മൂന്നിഞ്ചോളം ചെറുകുടലിന്റെ ഭാഗം നീക്കം ചെയ്ത ശേഷം തുന്നി യോജിപ്പിച്ചു. ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ കേരളത്തില്‍ തന്നെ ആദ്യമാണെന്ന് ഓപ്പറേഷന് നേതൃത്വം നല്കിയ ഡോ. വിപിന്‍പ്രകാശ് അറിയിച്ചു. ഇപ്പോള്‍ സാധാരണ നിലയിലേക്ക് തിരികെ വരുന്ന കുരങ്ങിന് ഭാനുപ്രിയ എന്ന പേരും നല്‍കിയാണ് ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: