കൊല്ലം: ആദിവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കുളത്തൂപ്പുഴയില്‍ ആരംഭിച്ച പട്ടികവര്‍ഗ്ഗ നെയ്ത്തു സഹകരണ സംഘത്തിന്റെ കൈത്തറി നെയ്ത്തുശാല അധികൃതരുടെ അവഗണനയില്‍ നാശത്തിലേക്ക് നീങ്ങുന്നു. നെയ്ത്തുശാല കാടുമൂടി കാട്ടു മൃഗങ്ങളുടെ താവളമായിട്ട് മാസങ്ങള്‍ പിന്നിട്ടു.
1984ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ അധീനതയില്‍ വില്ലുമല ആദിവാസി കോളനിയില്‍ നെയ്ത്തു ശാല ആരംഭിച്ചു. പരിശീലനം നേടുന്നവരുടെ എണ്ണവും തൊഴിലാളികളും വര്‍ധിച്ച് വികസന നേട്ടം കൈവരിച്ചതോടെ 1989ല്‍ വകുപ്പ് ഇടപെട്ട് കുളത്തൂപ്പുഴ പതിനാറേക്കര്‍ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിര്‍മ്മിച്ച് നല്കി. തറികളുടെ അറ്റകുറ്റപണികള്‍ക്കും മറ്റും ആവശ്യമായ തുക അനുവദിച്ചു നല്കാന് വകുപ്പ് അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് നെയ്ത്തു ശാലയുടെ കഷ്ടകാലം ആരംഭിച്ചത്.
30 തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവര്‍ത്തനം വിപുലമായി നടന്ന നെയ്ത്തുശാലയാണ്. ആദിവാസി സ്ത്രീകള്‍ക്ക് തുണി നെയ്യാന്‍ പരിശീലനം നല്കി. പരിശീലനകാലത്ത് 5,000 രൂപ വരെ ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡായും ലഭ്യമാക്കി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ വേതനവും നല്കി. തുടക്കത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച സംഘത്തിന് പിന്നീട് സര്‍ക്കാരില്‍ നിന്ന് ധനസഹായമുണ്ടായില്ല.
നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ, വേതനം കൊടുക്കാന്കഴിയാതെ വന്നതോടെ നെയ്ത്തുശാല പൂട്ടി. പ്രദേശത്ത് പരിശീലനം നേടിയവര്‍ ഏറെയുണ്ടെങ്കിലും തുച്ഛമായ വേതനത്തിന് പണി എടുക്കാന്‍ ഇപ്പോള്‍ ആരും തയ്യാറല്ല. ഇതിനിടെ നൂലിന് നിറം പിടിപ്പിക്കാനായി നെയ്തുകേന്ദ്രത്തില് സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പുപാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു.
ഒരുവിഭാഗം തൊഴിലാളികളുടെ നേതൃത്വത്തില്‍ 10 തറികള്‍ അറ്റകുറ്റ പണി നടത്തി പുറത്ത് നിന്നുള്ള ആളുകളെ ഏര്‍പ്പെടുത്തി വിദ്യാലയങ്ങളിലേക്കുള്ള യൂണിഫോമിനാവശ്യമായ തുണി നെയ്തു നല്കി നിലനില്‍പ്പിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ നെയ്ത്തുശാല കെട്ടിടം കാടുകയറി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായിട്ടുണ്ട്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരും താവളമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: