ന്യൂദല്‍ഹി:നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്കെതിരാണെന്ന് ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. “ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ദാനം ചെയ്യുന്നത് നല്ലകാര്യം. പക്ഷെ ലക്ഷ്യം മതപരിവര്‍ത്തനമാകരുത്”- കോടതി നിരീക്ഷിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു ഗൗരവമേറിയ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മാനങ്ങളും സാമ്പത്തികസഹായങ്ങളും നല്കി ചതിയിലൂടെ വശീകരിച്ചുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
ഇത്തരം രീതികളിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും വിവരം ശേഖരിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്കാന് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം മാറിയതുകൊണ്ടാണോ ഒരാള്‍ മതം മാറിയതെന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമായ വിഷയമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ഹര്‍ജിയെ ചോദ്യം ചെയ്ത ഒരു അഭിഭാഷകനോട് സുപ്രീംകോടതിയുടെ മറുപടി ഇതായിരുന്നു: “ഇത്രയ്ക്ക് സാങ്കേതികമായി ചിന്തിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താനാണ് നമ്മള് ഇവിടെയുള്ളത്. കാര്യങ്ങള്‍ നേരെയാക്കാനാണ് നമ്മള് ഇവിടെ ഇരിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ”
ഇതിനെ എതിരായി എടുക്കരുത്. ഇത് ഗൗരവമായ വിഷയമാണ്. ആത്യന്തികമായി ഇത് ഭരണഘടനയ്ക്കെതിരാണ്. ഇന്ത്യയിലെ താസമിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്കാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. – കോടതി നിരീക്ഷിച്ചു.
ഇനി ഡിസംബര്‍ 12ന് വീണ്ടും കേസില്‍ വാദം തുടരും. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്ക്കും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനും ഭീഷണിയായേക്കാമെന്നും ഈയിടെ കോടതി പറഞ്ഞിരുന്നു. ഈ ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യാന്‍ ആത്മാര്‍ത്ഥശ്രമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: