ദോഹ: പ്രബലരായ ആസ്ത്രേല്യയെ 2-1 തകര്‍ത്ത പ്രീക്വാര്‍ട്ടര്‍ പോരില്‍ വീണ്ടും ജനഹൃദയങ്ങളില്‍ മെസ്സി സ്വന്തം പേര് എഴുതിച്ചേര്‍ത്തു. അനശ്വരമായ ഒരു വിജയത്തോടെ മെസ്സി തന്റെ ആയിരാമത്തെ ഫുട്ബാള്‍ മാച്ച് ഗംഭീരമാക്കി. ആസ്ത്രേല്യയ്ക്കെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത് മെസ്സിയായിരുന്നു. അസാധ്യമെന്ന് കരുതാവുന്ന ആ ഗോള്‍ സൂചിയില്‍ നൂല് കോര്ക്കുമ്പോലെയാണ് ആസ്ത്രേല്യയുടെ ഗോളിയെ മറികടന്ന് വലയില്‍ വീണത്. കളിയുടെ 35ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.
ബോക്സിനുള്ളില്‍ എത്തുന്ന അര്‍ജന്റീനയുടെ താരങ്ങളുടെ കത്രികപ്പൂട്ടിട്ട് പൂട്ടുന്ന ആസ്ത്രേല്യന്‍ പ്രതിരോധനിരയ്ക്കെതിരെ ഗോള്‍ നേടുക വിഷമകരമായിരുന്നു. എന്നിട്ടും മെസ്സി ആ ഗോള്‍ നേടിയത് ഒരു കാഴ്ച തന്നെയായിരുന്നു. ഒരു ഫ്രീകിക്കില്‍ നിന്നും പിറന്നഗോളായിരുന്നു ഇത്. മെസ്സി ഉയര്‍ത്തിയടിച്ച ഫ്രീകിക്ക് അര്‍ജന്റീനയുടെ മാക് അലിസ്റ്റര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിക്ക് നല്കി. നിക്കോളാസ് വീണ്ടുമത് മെസ്സിക്ക് കൈമാറി. മെസ്സി താഴ്ത്തിയടിച്ച ആ പന്ത് ഓസീസ് പ്രതിരോധനിരയെ മറികടന്ന്, ഗോള്‍കീപ്പര്‍ റയാനെയും വെട്ടിച്ച് വലയില്‍ കയറി (1-0).
മറഡോണയുടെ റെക്കോഡ് തിരുത്തിക്കുറിച്ച് മെസ്സി
അര്‍ജന്റീനയില്‍ നിന്നുള്ള ഇതിഹാസ താരം ഡീഗോ മാറഡോണ ആകെ എട്ട് ഗോളുകളാണ് ലോകകപ്പില്‍ നേടിയത്. എന്നാല്‍ മെസ്സി ശനിയാഴ്ച ആസ്ത്രേല്യയ്ക്കെതിരെ നേടിയത് ഒമ്പതാമത്തെ ലോകകപ്പ് ഗോളാണ്. ഇതോടെ മാറഡോണയുടെ റെക്കോഡ് മറികടന്നു. ബ്രസീലിന്റെ റൊണാള്‍ഡോയും ഇതുവരെ ലോകകപ്പില്‍ എട്ടു ഗോളുകളേ നേടിയുള്ളൂ. മെസ്സിയുടെ 789ാമത് ഗോള്‍ കൂടിയായിരുന്നു ഇത്.
പോളണ്ടിനെതിരെ പെനാല്‍റ്റി പാഴാക്കിയ ചീത്തപ്പേരെല്ലാം ആസ്ത്രേല്യയ്ക്കെതിരായ പോരില്‍ മെസ്സി കഴുകിക്കളഞ്ഞു. കറുത്ത കുതിരകളായി എത്തിയ ആസ്ത്രേല്യയെ ആധികാരികമായി തന്നെ തോല്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കഠന്നത്.
ദുര്‍ബലമായ പ്രതിരോധം എന്ന ബലക്കുറവ് കഴിഞ്ഞ മൂന്ന് കളികളില്‍ അര്‍ജന്റീന മറികടന്നിരിക്കുന്നു. ലോകകപ്പ് നേടാന്‍ യോഗ്യരായവര്‍ എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ ഫോം. മെസിയും ജൂലിയന്‍ ആല്‍വാരസും പപു ഗോമസും ചേര്‍ന്ന ആക്രമണ നിര ആസ്ത്രേല്യയുടെ പ്രതിരോധ നിരയെ നിരന്തരം കുഴക്കി. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തിയാണ് ഇറങ്ങിയതെങ്കിലും അതിന്റെ പോരായ്മകള്‍ ഇല്ലാതെയാണ് അര്‍ജന്റീന കളിച്ചത്.
11 വര്‍ഷം മുന്‍പ് മെസ്സിക്കൊപ്പം കളിക്കണമെന്നത് ജീവിതാഭിലാഷമായി കൊണ്ടു നടന്ന ജൂലിയന്‍ അല്‍വാരസ് ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ആസ്ത്രേല്യയ്ക്കെതിരെ ഗോള്‍ നേടി. 57ാം മിനിറ്റിലായിരുന്നു അല്‍വാരസിന്റെ ഈ ഗോള്‍. ഇപ്പോള്‍ മെസിയുടെ പിന്‍ഗാമിയായാണ് അല്‍വാരസ് അറിയപ്പെടുന്നത്. രണ്ട് കളികളില്‍ നിന്നും അല്‍വാരസ് നാലു ഗോളുകള്‍ നേടിക്കഴിഞ്ഞു.
ലീഡ് നേടിക്കഴിഞ്ഞാല്‍ പ്രതിരോധത്തിലേക്ക് വലിയുടെ ശൈലി ഇക്കുറി അര്‍ജന്റീന വേണ്ടെന്നുവെച്ചു. ആസ്ത്രേല്യയ്ക്കെതിരെ അവസാന നിമിഷം വരെ ആക്രമിച്ചുകളിക്കുകയായിരുന്നു അര്‍ജന്റീന. വിജയത്തിലും കരിനിഴല്‍ വീഴ്ത്തിയത് സെല്‍ഫ് ഗോളാണ്. 77ാം മിനിറ്റിലായിരുന്നു ഈ സെല്‍ഫ് ഗോള്‍. ആസ്ത്രേല്യുടെ ഗുഡ്വിന് ഗോള്‍മുഖത്തേക്ക് അടിച്ച ഷോട്ട് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്ത് തട്ടി ഗോളാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: