തിരുവനന്തപുരം: സിന്തറ്റിക്ക് ട്രാക്കിലെ പരിശീലനത്തിനായി 60 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബിജോയി ട്രാക്കിലിറങ്ങിയപ്പോള്‍ കൂടെയെത്താന്‍ ഒപ്പം ഓടിയവര്‍ ഏറെ വിഷമിച്ചു. ഒടുവില്‍ ബിജോയി 3000 മീറ്റര്‍ പിന്നിട്ട് സ്വര്‍ണത്തില്‍ മുത്തമിടുമ്പോള്‍ ഒപ്പം ഓടിയവര്‍ ഏറെ പിന്നിലായിരുന്നു.
കാര്ഷികന്റെ മണ്ണില്‍ ഓടി പഠിച്ച കരുത്തുമായാണ് 3000 മീറ്റര്‍ ഓട്ടത്തിന് പാലക്കാട് ചിറ്റൂര്‍ ബോയ്സ് എച്ച്എസ്എസ് വിദ്യാര്‍ഥി ബിജോയ് ട്രാക്കിലിറങ്ങിയത്. പട്ടഞ്ചേരി വണ്ടിത്താവളത്തിലെ ക്ഷീരകര്‍ഷക കുടംബത്തില്‍ നിന്നും കായിക ലോകത്തിലെത്താന്‍ ബിജോയിക്ക് ഏറെ വിഷമതകള്‍ നേരിടേണ്ടി വന്നു. സിന്തറ്റിക് ട്രാക്കിലെ പരിശീലനത്തിനായി 20 കി.മീ സഞ്ചരിച്ച് പാലക്കാട് മെഡിക്കല്‍കോളേജ് ഗ്രൗണ്ടില്‍ എത്തും ബിജോയി. അരവിന്ദാക്ഷന് നല്കിയ കഠിന പരിശീലനം കൂടിയായതോടെ സ്വര്‍ണം ബിജോയി പോക്കറ്റിലാക്കി.
ഓട്ടം കഴിഞ്ഞ് തന്റെ കാലിലെ ബൂട്ട് അഴിച്ച് നെറുകയിലും ചുണ്ടിലും വച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാണ് നന്ദി അറിയിച്ചത്. താന്‍ നേടിയെടുത്ത വിജയം തന്റെ നാടിനും കര്‍ഷകര്‍ക്കും സമര്‍പ്പിക്കാനും ബിജോയ് മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: