ദോഹ: കിരീടവരള്‍ച്ച അവസാനിപ്പിക്കുകയെന്ന ദൗത്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കാന്‍ ഇംഗ്ലണ്ട്… കിരീടം നിലനിര്‍ത്തുകയെന്ന മോഹസാക്ഷാത്കാരത്തിലേക്ക് മുന്നേറാന്‍ ഫ്രാന്‍സ്… പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരാളിയായെത്തുന്നത് ആഫ്രിക്കന്‍ ശൗര്യവുമായി വെല്ലുവിളികള്‍ അതീജീവിച്ചെത്തുന്ന സെനഗല്‍. ഫ്രഞ്ച് പടയ്ക്കു മുന്നിലെത്തുന്നതാകട്ടെ കുതിച്ചും കിതച്ചും മുന്നേറുന്ന പോളണ്ട്.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്. കടലാസിലെ കരുത്തര്‍ ഇംഗ്ലണ്ട്. റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, ബെല്ലിങ്ഹാം, സ്റ്റര്‍ലിങ്ങ്, ഗ്രീലിഷ്, ഫില്‍ ഫോഡന് എന്നിവരുടെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. നായകന് ഹാരി കെയ്ന്‍ ഇതുവരെ ഗോളടിച്ചില്ലെങ്കിലും കളംനിറഞ്ഞ് കളിച്ച് സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.
സാദിയോ മാനെയുടെ അഭാവം സെനഗല്‍ നിരയില്‍ നിഴലിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ആ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു. കിടയറ്റ പ്രതിരോധമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇസ്മയില്‍ സാര്‍, കാലിദൊ കൗലിബലി, ബൗലായേ ഡിയ, അഹമ്മദു ഡിങ് എന്നിവരിലാണ് സെനഗലിന്റെ പ്രതീക്ഷ.
ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്മാരായി ഫ്രാന്‍സിന്റെ മുന്നേറ്റം. അവസാന കളിയില്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിറങ്ങി ടുണീഷ്യയോടേറ്റ തോല്‍വി ഫ്രാന്‍സിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കളത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിന്. കളംനിറഞ്ഞുകളിക്കുന്ന എംബപ്പെ ഇതുവരെ മൂന്ന് ഗോളടിച്ച് മിന്നുന്ന ഫോമില്‍. ഒപ്പം ജിറൂഡും ഗ്രിസ്മാനും അടങ്ങുന്ന താരനിരയെ പിടിച്ചുകെട്ടാന്‍ പോളിഷ് പ്രതിരോധം അദ്ധ്വാനിക്കേണ്ടിവരും. അഡ്രിയാന്‍ റാബിയട്ട്, ഡെംബലെ എന്നിവരടങ്ങുന്ന മധ്യനിരയും റാഫേല്‍ വരാനെ നേതൃത്വം നല്കുന്ന പ്രതിരോധവും തകര്‍ക്കാന്‍ പോളിഷ് താരങ്ങള്‍ ഏറെ പണിപ്പെടും. ഗോള്‍വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസും കാവല്‍ നില്ക്കും.
റോബര്‍ട്ടോ ലെവന്‍ഡോസ്കിയടക്കമുള്ള സ്ട്രൈക്കര്‍മാര്‍ക്ക് പിഴയ്ക്കുന്നത് പലപ്പോഴും പോളണ്ടിന് തിരിച്ചടി. ഒരു ഗോള്‍ മാത്രമാണ് ലെവന്‍ഡോസ്കി അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: