തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി. ആര് അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2022 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു. അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളില്‍ മന്ത്രി കെ രാധാകൃഷ്ണന് അവാര്‍ഡുകള്‍ സമ്മാനിക്കും.
അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് ഒ.സി. മോഹന്‍രാജ് തയ്യാറാക്കിയ ‘ഊരുകളില്‍ നിന്ന് ഉയരെ’ എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. രാഷ്ട്രദീപിക സ്പെഷ്യല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് തയ്യാറാക്കിയ ‘ഗോത്രവനിതകളുടെ വിജയശ്രീ’ എന്ന പരമ്പരയും മാധ്യമം ദിനപത്രത്തില്‍ സീനിയര്‍ കറസ്പോണ്ടന്റ് എം.സി. നിഹ്മത്ത് തയ്യാറാക്കിയ ‘അയിത്തം വിളയുന്ന വഴികള്‍’ എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അര്‍ഹമായി.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് തയ്യാറാക്കിയ ‘അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. അച്ചടി വിഭാഗത്തില്‍ 20, ദൃശ്യ വിഭാഗത്തില്‍ 13 വീതം എന്‍ട്രികള്‍ ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന് അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിര്‍ണ്ണയിച്ചത്.
ആദിവാസി ഊരുകളിലെ വിദ്യഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറങ്ങളുടെ സമഗ്ര വിവരണമാണ് ഒ.സി. മോഹന്‍രാജിന്റെ ‘ഊരുകളില്‍ നിന്ന് ഉയരെ’ എന്ന പരമ്പര. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഇടപെടലുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവിടങ്ങളില്‍ നില നില്ക്കുന്ന സാമൂഹ്യസത്യങ്ങളും പരമ്പരയില്‍ വിവരിക്കുന്നു. ‘ഗോത്രവനിതകളുടെ വിജയശ്രീ’ ആദിവാസി ഗോത്രങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടാണ്. ‘അയിത്തം വിളയുന്ന വഴികള്‍’ എന്ന വാര്‍ത്താപരമ്പര അതിര്‍ത്തി ഗ്രാമങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടാണ്. ചോലനായ്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്നതാണ് സോഫിയ ബിന്ദിന്റെ ‘അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ എന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: