തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രി രോഗത്തിന്റെ ഉറവിടമാകുന്നുവെന്ന് ആക്ഷേപം. പാങ്ങോട് ഇടപ്പഴഞ്ഞി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന എസ് കെ ഹോസ്പിറ്റലിനെതിരെയാണ് നാട്ടുകാരും രോഗികളും ഒന്നടങ്കം പരാതി പറയുന്നത്. ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് പ്രധാനമായും രോഗവാഹക കേന്ദ്രമായി തീര്‍ന്നിരിക്കുന്നത്. അമിതവിലയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും വൃത്തിയില്ലായ്മയാണ് ഭക്ഷണശാലയുടെ മുഖമുദ്ര.
മൂന്ന് മീറ്റര്‍ നീളത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നു
കാന്റീനോട് ചേര്‍ന്ന് കിള്ളിയാറിനു സമീപം കാടുപിടിച്ചുകിടക്കുന്ന സ്വകാര്യവസ്തുവിനും ആശുപത്രിക്കുമിടയിലുള്ള വൃത്തിഹീനമായ ഓടയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്റീന്‍ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് രൂക്ഷഗന്ധം പരത്തുന്നു. ആശുപത്രിയില്‍ നിന്നുള്ള മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് പണിതിട്ടുള്ള ശൗചാലയത്തില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതു കാണാം. നാലു മീറ്ററോളം ദൂരത്തില്‍ മനുഷ്യവിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങളില്‍ ചുറ്റിത്തിരിയുന്ന ഈച്ചയും കൊതുകും കാന്റീനുള്ളിലെ നിത്യസന്ദര്‍ശകരാണ്. ഓടയില്‍ നിന്നുള്ള ഈച്ച രുചിനോക്കാത്ത ഭക്ഷണം രോഗികള്‍ക്കന്യമാണ്. ഓടയില്‍ വളരുന്ന കൊതുക് രുചിച്ചുനോക്കാത്ത രോഗികളും കുറവാണ്. ഇതിനൊക്കെ പുറമെയാണ് മാരകരോഗാണുക്കളുടെ സാന്നിധ്യം.
ആരോഗ്യവകുപ്പും അവഗണിക്കുന്നു
ഗുരുതര ആരോഗ്യപ്രശ്‌നമുയര്‍ത്തുന്ന ഇവിടെ ആരോഗ്യവകുപ്പോ മറ്റധികാരികളോ പരിശോധന നടത്താറില്ലെന്നു രോഗികള്‍ പരാതി പറയുന്നു. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത മാരകരോഗാണുക്കള്‍ രോഗം പടര്‍ത്തുന്നതു ആരോഗ്യവിഭാഗം അവഗണിക്കുന്നു. ഒന്നിലധികം ദിവസം അഡ്മിറ്റാകുന്ന രോഗികള്‍ മിക്കവാറും പനിയും മറ്റു പകര്‍ച്ചവ്യാധികളുമായി തിരികെ പോകേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. കുറേക്കാലം ‘നൂറുശതമാനം ഹലാല്‍ ഭക്ഷണ’മെന്ന് ബോര്‍ഡുവച്ചിരുന്ന കാന്റീനിലെ മാംസാവശിഷ്ടവും ഓടയിലൂടെ ഒഴുക്കിവിടുകയാണ്. പെട്ടെന്നാരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഓട മതില്‍കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും രൂക്ഷഗന്ധം ഉയരുന്നുണ്ട്. മേല്‍മൂടിയില്ലാത്തതിനാല്‍ ഈച്ചയും കൊതുകും പെറ്റുപെരുകുന്നുമുണ്ട്. ചികിത്സയ്‌ക്കെത്തുന്നവരുടെ ആരോഗ്യം മുന്‍നിര്‍ത്തി അടിയന്തരമായി ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
സംഭവം വിവാദമായതോടെ മാലിന്യം കെട്ടിക്കിടന്ന് രോഗം പരത്തുന്നുവെന്ന പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി നൈറ്റ് പെട്രോളിംഗ് വിഭാഗമുള്‍പ്പെടെ പരിശോധിച്ച് വേണ്ടതുചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഷയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: