പുതിയ കാലത്ത് നമുക്ക് പുറകെ ചില കെണികളുണ്ട്. നമ്മളറിയാതെ നമ്മളിലേക്ക് ഏത് നിമിഷവും കടന്നു വരാവുന്ന അത്തരം കെണികളെ സൂക്ഷിക്കണമെന്ന് പറഞ്ഞു വെക്കുകയാണ് മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ട്രാപ്പ് ആണ്. നിഷ്കളങ്കമായ ഒരു അമ്മയുടെയും മകളുടെയും ജീവിതം ആ ട്രാപ്പിലേക്ക് ചെന്ന് വീഴുന്നു. നമ്മള് കാണുന്ന സ്ഥിരം കുടുംബ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഖെദ്ദ.
തുടക്കത്തില്‍ അമ്മയും മകളും തമ്മിലുള്ള സ്നേഹവും ചെറിയ പിണക്കങ്ങളുമായി മുന്പോട്ട് പോകുന്ന ചിത്രം ഒരു അപരിചിതന്റെ വരവോടു കൂടി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുന്നു. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും സമകാലിക പ്രസക്തിയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ഉപയോഗം അതിരുകടക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ചിത്രം വ്യക്തമാക്കുന്നുണ്ട്. സ്നേഹം നടിച്ചു വരുന്ന മനുഷ്യര്‍ക്ക് പിറകില്‍ മറ്റൊരു കപട മുഖമുണ്ടെന്നും നാം അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് അപകടം വരുത്താന്‍ അവര്‍ക്ക് കഴിയുമെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.
സവിത എന്ന അംഗനവാടി ടീച്ചറുടെയും മകള്‍ ചിഞ്ചുവിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒരു മധ്യ വയസ്കയായ സവിതയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം മുന്പോട്ട് പോകുന്നത്. സവിതയുടെ ജീവിതത്തിലെ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളും അത് കൂടുതല്‍ തെറ്റുകളിലേക്ക് സവിതയെ കൊണ്ടത്തിക്കുന്നതുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനോജ് കാനയുടെ മറ്റു സിനിമകളെ പോലെ തന്നെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രം തന്നെയാണ് ഖെദ്ദ.
സവിത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശാ ശരത്താണ്. ആശാ ശരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്. കുടുംബം എന്ന അതിര്‍വരമ്പില്‍ പെട്ട് പോകുന്ന, ഉത്തരവാദിത്തങ്ങളുടെ അമിതഭാരമുള്ള സവിത പല മലയാളി സ്ത്രീകളുടെ പ്രതിനിധിയാണ്. ചിഞ്ചുവായി വേഷമിടുന്നത് ആശാ ശരത്തിന്റെ മകളായ ഉത്തരയാണ്. ഉത്തരയുടെ ആദ്യ ചിത്രം കൂടിയാണ് ഖെദ്ദ. സുധീര്‍ കരമന, സുദേവ് നായര്‍, സരയു തുടങ്ങിയവരാണ് മറ്റു വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും മനോജ് കാന തന്നെയാണ്. പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ആണ് പശ്ചാത്തലസംഗീതം. ഒരുത്തി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: