ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ പോഷക സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച തീരുമാനം ചോദ്യം ചെയ്ത കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് കര്‍ണ്ണാടക പ്രസിഡന്‍റ് നസീര്‍ പാഷയാണ് സംഘടനാ നിരോധനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നസീര്‍ പാഷ ഭാര്യ മുഖാന്തിരമാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ നിരോധനം ശരിയാണെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു.
കര്‍ണ്ണാടക സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം 2007-2008 കാലഘട്ടത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് രജിസ്റ്റര്‍ ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ ഉദ്ധരിക്കാനാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വാദഗതികളൊന്നും ഹൈക്കോടതി കണക്കിലെടുത്തില്ല. അഡ്വ. രജത് നായരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് നീങ്ങിയ നടപടി തുടങ്ങിയത് നവമ്പര്‍ 19ന് ഇഡി ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് അംഗങ്ങള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റപത്രം സമര്‍പ്പിച്ചതില്‍ നിന്നാണ്. ഈ അന്വേഷണത്തിനിടയില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്ന് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി സംശയാസ്പദമായ ധനസഹായങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഘടനയില്‍ എത്തുന്നതായി ഇഡി കണ്ടെത്തി. പലതും കുറ്റകൃത്യങ്ങളുടെ ഭാഗമായി വന്ന പണമായിരുന്നു. ഈ പണം നിരവധി ബാങ്ക് അക്കൗണ്ടുകളിലായി പിടിക്കപ്പെടാതിരിക്കാന്‍ നിഗൂഢമായാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഏതാനും വര്‍ഷങ്ങളായി ഈ പ്രക്രിയയിലൂടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബര്‍ 28നാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധസംഘടനകളേയും നിരോധിച്ചത്. സംഘടനയ്‌ക്കും അതിന്റെ നേതാക്കന്മാര്‍ക്കും എതിരെ എന്‍ഐഎ റെയ്ഡും അറസ്റ്റും നടത്തി. യുഎപിഎ ചുമത്തിയാണ് സംഘടനയെ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: