അഹമ്മദാബാദ്: തന്നെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ച്മഹല്‍ ജില്ലയിലെ കലോല്‍ ടൗണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയ്ക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മോദിയെ കൂടുതല്‍ അധിക്ഷേപിക്കുന്ന വാക്കുകള്‍ ആരു ഉപയോഗിക്കുമെന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മത്സരമാണ്. ഖാര്‍ഗെയെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മോദിക്ക് രാവണനെപ്പോലെ നൂറു തലകളുണ്ടെന്ന് പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഗുജറാത്ത് രാമഭക്തരുടെ നാടാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞില്ല. ശ്രീരാമന്റെ അസ്തിത്വത്തില്‍ ഒരിക്കലും വിശ്വസിക്കാത്തവര്‍, ഇപ്പോള്‍ രാമായണത്തില്‍ നിന്ന് രാവണനെ കൊണ്ടുവന്നത് തന്നെ അധിക്ഷേപിക്കാന്‍ വേണ്ടിയായിരുന്നു.
ഈ നാട്ടിലെ ജനങ്ങളാണ് തന്നെ വളര്‍ത്തിയത്. തന്നെ അപമാനിക്കുന്നത് ഗുജറാത്തിനെയും ഇവിടുത്തെ ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ. വോട്ടിങ് മെഷീനിലെ താമരയില്‍ അമര്‍ത്തി ബിജെപിക്ക് വോട്ട് ചെയ്യണം. നിങ്ങള്‍ ചെളിയില്‍ മുങ്ങുമ്പോഴെല്ലാം ഞങ്ങളുടെ താമര കൂടുതല്‍ വിരിയുമെന്നാണ് പറയാനുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: