അഹമ്മദാബാദ്: ഗുജറാത്തില്‍ 1990ലാണ് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കി, മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഒറ്റയ്‌ക്ക് അധികാരത്തിലെത്തി. 121 സീറ്റ് നേടി കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി സുരേഷ് മേത്ത, നരേന്ദ്രമോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ്രൂപാണി, ഭൂപേന്ദ്രപട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിമാരായി. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് നരേന്ദ്രമോദിയാണ്. 12 വര്‍ഷവും 220 ദിവസവും.
തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടിലധികം സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ബിജെപിയ്‌ക്ക് തുടര്‍ഭരണം ഉറപ്പാണ്. എന്നാലും ചെറിയ വിട്ടുവീഴ്ചയ്‌ക്കുപോലും തയ്യാറല്ല ഭരണകക്ഷി. 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ 99 സീറ്റു നേടിയാണ് 2017ല്‍ ബിജെപി തുടര്‍ഭരണം നേടിയത്. കോണ്‍ഗ്രസിന് 77, മറ്റുള്ള വര്‍ക്ക് ആറ്,അന്ന് പട്ടേല്‍ സമരത്തെ മുന്നില്‍ നിന്ന് നയിച്ച ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബിജെപിക്കൊപ്പമാണ്. പിന്നാക്ക ഐക്യനേതാവായിരുന്ന അല്‍പേശ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ട് 2019ല്‍ ബിജെപിയില്‍ ചേര്‍ന്നു.
ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരത്തിലേറിയത് കോണ്‍ഗ്രസാണ്. 1985ല്‍ 149 സീറ്റുകള്‍. 150 സീറ്റുകളാണ് ബിജെപി ലക്ഷ്യം . ഒമ്പത് സീറ്റുകളുമായി ഗുജറാത്ത് നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചതാണ് ബിജെപി. 1995ല്‍ 121, 1998ല്‍ 117, 2002ല്‍ 127, 2007ല്‍ 117, 2012ല്‍ 115, 2017ല്‍ 99 സീറ്റുമാണ് നേടിയത്. 2002ല്‍ 127 സീറ്റ് ലഭിച്ചതാണ് ബിജെപിയുടെ ഏറ്റവുമുയര്‍ന്ന സീറ്റ്. 2017ല്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം നൂറില്‍ താഴെ എത്തിയത്. 2014ലെയും 2019ലെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളിലും ബിജെപിയാണ് വെന്നിക്കൊടി പാറിച്ചത്. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 59 ശതമാനം വോട്ട് ആയിരുന്നെങ്കില്‍ 2019ല്‍ അത് 62 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: