ദോഹ: നേരത്തെത്തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി. ടുണീഷ്യയാണ് 1-0ന് നിലവിലെ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചത്. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വഹാബി ഖാസിരിയാണ് ടുണീഷ്യയെ മുന്നിലെത്തിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ ടുണീഷ്യയുടെ ആദ്യ ഗോള്‍ കൂടിയാണിത്. പരിക്ക് സമയത്ത് ഗ്രീസ്മന് ഫ്രാന്‍സിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇത് ഓഫ്സൈഡായി.
ഫ്രാന്‍സിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ഡെന്മാര്ക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ എംബപ്പെ, ഗ്രിസ്മാന്, ജിറൂഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ഫ്രാന്‍സിനെ മൈതാനത്തിറക്കിയത്.
ആദ്യപകുതിയില്‍, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വിറപ്പിക്കുന്ന പ്രകടനമാണ് ടുണീഷ്യ പുറത്തെടുത്തത്. ഫ്രാന്‍സിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തില്‍നിന്ന് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍ വീണതിനു പിന്നാലെ കൈലിയന്‍ എംബപ്പെ, ഗ്രീസ്മന്, അഡ്രിയാന്‍ റാബിയോട്ട്, ഒസ്മാന്‍ ഡെംബലെ തുടങ്ങിയവരെ ഫ്രഞ്ച് പരിശീലകന് കളത്തിലെത്തിച്ചെങ്കിലും തകര്‍പ്പന്‍ പ്രതിരോധവുമായി ശേഷിക്കുന്ന സമയമത്രയും ചെറുത്തുനിന്ന ടുണീഷ്യ ആദ്യ ജയവുമായി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: