ചേർപ്പ് (തൃശൂർ ) : ഊരകം പല്ലിശ്ശേരിയിൽ വാക്കു തർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ചനും മകനും മരിച്ചു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ ( 62 ), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. പ്രതി കിഴക്കൂടൻ വീട്ടിൽ വേലു എന്ന് വിളിക്കുന്ന വേലപ്പനെ (60) ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പല്ലിശ്ശേരി ക്ലബ്ബിന് സമീപം റോഡിൽ കാർ നന്നാക്കിയിരുന്ന ഗോകുൽ എന്നയാളുമായി വേലു വാക്കേറ്റമുണ്ടായി. വീട്ടിൽ പോയ വേലു കത്തിയുമായി തിരിച്ചെത്തുമ്പോൾ ഗോകുലിന്റെ സഹോദരൻ ജിതിൻ കുമാറും അച്ചൻ ചന്ദ്രനും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് നടന്ന സംഭവങ്ങൾക്കിടെ ചന്ദ്രനെയും ജിതിനെയും വേലു കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ വേലു ചേർപ്പ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്. രാധയാണ് മരിച്ച ചന്ദ്രന്റെ ഭാര്യ. ജിതിൻ കുമാറിന്റെ ഭാര്യ: നീതു. മക്കൾ : സായന്ത്, സംസ്കൃത. ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: