ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിന് ആഘോഷിക്കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഡിസംബര്‍ നാലിനാണ് ഏകാദശി എന്ന് പ്രഖ്യാപിച്ച ജ്യോത്സ്യന് കാണിപ്പയ്യൂരിന്റെ വാദം കണക്കിലെടുത്ത് ദേവസ്വം. ഒടുവില്‍ ജ്യോത്സ്യന്മാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു.
ഗുരുവായൂരിലെ പഞ്ചാംഗം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജോത്സ്യന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിയാണ് ഡിസംബര്‍ 3 ഏകാദശിയായി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഡിസംബര്‍ 4നാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് കാണിപ്പയ്യൂര്‍ ശുപാര്‍ശ ചെയ്തിരുന്നതെന്നും എന്നാല്‍ താന്‍ ഗണിച്ചതിന് വിഭിന്നമായി ആരോ ഏകാദശി ദിവസം തെറ്റായി അച്ചടിച്ചത് മൂലമാണ് ഡിസംബര്‍ 3 എന്ന് തെറ്റായി ദേവസ്വം കണക്കാക്കിയതെന്നും കാണിപ്പയ്യൂര്‍ ചൂണ്ടിക്കാട്ടി.
കാണിപ്പയ്യൂര്‍ തര്ക്കമുയര്ത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജ്യോതിഷികളുടെ യോഗം ദേവസ്വം വിളിച്ചിരുന്നു. തുടർന്ന് അന്തിമതീരുമാനമെടുക്കാൻ വ്യാഴാഴ്ച മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് രണ്ട് ദിവസവും ഏകാദശിയായി . മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഏകാദശി വന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.
“1992-93ൽ സമാനമായ സാഹചര്യം വന്നപ്പോൾ രണ്ടാം ദിവസം ഏകാദശി ദിവസമായി കണക്കാക്കി. അങ്ങനെയാണ് ഡിസംബർ 3, 4 തീയതികൾ ഏകാദശി ദിനമായി ആചരിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.
എങ്കിലും നേരത്തെ തീരുമാനിച്ച പ്രകാരം ഏകാദശി ദിനത്തിൽ ചെമ്പൈ സംഗീതോത്സവം സമാപിക്കും. ഏകാദശിയുടെ അടുത്ത ദിവസം ആചരിക്കുന്ന ദ്വാദശി പാനം വഴിപാട്, ഡിസംബർ 4 അർദ്ധരാത്രി മുതൽ ഡിസംബർ 5 രാവിലെ 9 വരെ നടക്കും. പ്രത്യേക ചടങ്ങായ ‘ഏകാദശി പ്രസാദ ഊട്ട്’ ഡിസംബർ 3, 4 തീയതികളിൽ നടക്കും. ത്രയോദശി ഊട്ട്, ഡിസംബർ 6 നാണ് നടക്കുക.
ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതൽ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളിൽ ആദ്യ ദിനമായ ഡിസംബർ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: