ലക്ഷ്മി ദാസ്
(പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിദിനത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച മഹാഭാരത സമീക്ഷയില്‍ അവതരിപ്പിച്ചത്. കരമന എന്‍എസ്എസ് വിമന്‍സ് കോളജിലെ മലയാളം അധ്യാപികയാണ് ലേഖിക)
വേദകല്‍പ്പിതമായ ജീവിതദര്‍ശനങ്ങളെ ആധാരമാക്കി വ്യാസന്‍ രചിച്ച സര്‍വ്വകാല പ്രസക്തിയുള്ള മഹാഭാരതമെന്ന ഇതിഹാസത്തെ അതേ ഉപനിഷത് ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന താണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ‘മഹാഭാരതപര്യടനം-ഭാരതദര്‍ശനം: പുനര്‍വായന’ എന്ന ഗ്രന്ഥം. മഹാഭാരതത്തെക്കുറിച്ചുള്ള സാമാന്യജനതയുടെ അറിവുകളിലേക്കും അറിവില്ലായ്മകളിലേക്കും പുതിയ വെളിച്ചം പകരുവാന്‍ ഈ ഗ്രന്ഥത്തിന് സാധിച്ചിട്ടുണ്ട്.
മഹാഭാരതത്തിന് ധാരാളം വായനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ മഹാഭാരതകഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ ചര്‍ച്ചാവിഷയമായിട്ടുമുണ്ട്. മഹാഭാരതത്തെ അടിസ്ഥാനമാക്കി സാഹിത്യകൃതികളും ധാരാളമായി എഴുതപ്പെട്ടിട്ടുണ്ട്. ഭാരതത്തിന്റെ പൗരാണികതയേയും സാംസ്‌കാരിക പാരമ്പര്യത്തെയും ഇകഴ്‌ത്തി കാണിക്കുന്ന തരത്തിലുള്ള വായനകളും കുറവല്ല. മഹാഭാരതം പകര്‍ന്നുതരുന്ന ഏറ്റവും മഹത്തായ ഒരറിവുണ്ട്. ‘സ്വന്തം ജീവിതത്തിന്റെ സത്തും സൗന്ദര്യവും കണ്ടെത്തണമെങ്കില്‍ അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം’ എന്നതാണത്. ‘കര്‍മ്മണ്യേ വാധികാരസ്‌തേ മാഫലേഷുകദാചനാ’ എന്നു ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞതും ഇതുതന്നെയാണ്.
ജീവിതത്തിന്റെ ആത്യന്തികമായ സത്യത്തെ തിരിച്ചറിയുവാന്‍ മനുഷ്യന് അത്യാവശ്യം വേണ്ടത് ധര്‍മ്മാധര്‍മ്മവിവേചനബുദ്ധിയാണ്. ഒരു വ്യക്തി താന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെക്കുറിച്ചും സനാതനനിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം:
”യതഃ പ്രവൃത്തിന്‍ഭൂതാനാം യേന സര്‍വ്വമിദം തതം
സ്വകര്‍മ്മണാ മഭ്യര്‍ച്ച്യ സിദ്ധിം വിന്ദതി മാനവഃ” (ഗീത 18:46)
(ജീവജാലങ്ങളുടെ സൃഷ്ടിസ്ഥിതി കര്‍ത്താവും, വിശ്വമെങ്ങും വ്യാപിച്ചുകിടക്കുന്നവനുമായ സര്‍വ്വേശ്വരനെ സ്വധര്‍മ്മാനുഷ്ഠാനമാകുന്ന സപര്യകൊണ്ട് ആരാധിച്ച് മനുഷ്യന്‍ മോക്ഷം പ്രാപിക്കുന്നു)
അനുഷ്‌ഠേയമായ ആ ധര്‍മ്മങ്ങള്‍ ധൃതി, ക്ഷമ, ദമം, അസ്‌തേയം, ശൗചം, ധീ, വിദ്യ, സത്യം അക്രോധം, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്. ഈ ധര്‍മ്മലക്ഷണങ്ങള്‍ തന്നെയാണ് ഐശ്വര്യഗുണങ്ങളെന്നും അറിയപ്പെടുന്നത്. ഈ ധര്‍മ്മലക്ഷണങ്ങളനുസരിച്ച് അവയനുഷ്ഠിച്ച് ജീവിക്കുന്നവര്‍ ഈശ്വരീയതയിലേക്ക് നയിക്കപ്പെട്ട് ഈശ്വരസാക്ഷാത്കാരം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. അധര്‍മ്മിയായ ഒരുവന് എത്ര ജന്മമെടുത്താലും അത് സാധിക്കുകയുമില്ല. ധര്‍മ്മത്തെക്കുറിച്ചും ധര്‍മ്മാനുഷ്ഠാനത്തെക്കുറിച്ചും മഹാഭാരതത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
‘ന ജാതു കാമാന്ന ഭയാന്ന ലോഭാത്
ധര്‍മ്മം ജഹ്യാത് ജീവിതസ്യാപി ഹേതോ:
ധര്‍മ്മോ നിത്യഃ സുഖദുഃഖേഹ്യനിത്യേ
ജീവോ നിത്യോ ഹേഇരസ്യ ത്വനിത്യഃ’ (മഹാഭാരതം)
(കാമം കൊണ്ടോ ഭയം കൊണ്ടോ ലോഭം കൊണ്ടോ ജീവിതത്തിനു വേണ്ടിപ്പോലുമോ ധര്‍മ്മം ഒരു കാലത്തും കൈവിടരുത്. എന്തെന്നാല്‍ ജീവന്‍ നിത്യമാണ്. ധര്‍മ്മവും നിത്യം; ജീവിതത്തിനു കാരണമായ പുണ്യപാപങ്ങളും സുഖദുഃഖങ്ങളും അനിത്യവുമാകുന്നു).
ധര്‍മവും പ്രതികാരവും
ഈ ധര്‍മ്മതത്വത്തെ ആഴത്തില്‍ ഗ്രഹിച്ച യുധിഷ്ഠിരനെയാണ് വ്യാസമുനി മഹാഭാരതത്തില്‍ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. മുനിശാപത്താല്‍ സ്ത്രീസംസര്‍ഗ്ഗം നിഷിദ്ധമായ പാണ്ഡുവിന് തന്റെ പത്‌നിമാരില്‍ പുത്രോല്‍പ്പാദനത്തിനു സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ധര്‍മ്മിഷ്ഠനായ പുത്രനുവേണ്ടി യമധര്‍മ്മനെ പ്രാര്‍ത്ഥിച്ച് കുന്തിയില്‍ ജനിച്ച പുത്രനാണ് യുധിഷ്ഠിരന്‍ അഥവാ ധര്‍മ്മപുത്രന്‍. യുധിഷ്ഠിരന്റെ ജനനസമയത്ത് മുഴങ്ങിയ അശരീരി ഇതായിരുന്നു ”ഇവന്‍ ധര്‍മ്മാത്മാവായിത്തീരും. സത്യസന്ധനും പുരുഷശ്രേഷ്ഠനുമാകും. മൂന്നു ലോകത്തിലും ഇവന്റെ കീര്‍ത്തി വ്യാപിക്കും. യുധിഷ്ഠിരനെന്ന് അറിയപ്പെടും.”
ശക്തരില്‍ ശക്തനായ ഭീമനും ഇന്ദ്രനെപ്പോലെ വില്ലാളിയായ അര്‍ജുനനും മാദ്രിയില്‍ ജനിച്ച നകുലസഹദേവന്മാരും യുധിഷ്ഠിരന് സഹോദരങ്ങളായി. എങ്കിലും ധര്‍മ്മനിഷ്ഠയുടെ കാര്യത്തില്‍ ജ്യേഷ്ഠനും ശ്രേഷ്ഠനും യുധിഷ്ഠിരന്‍ തന്നെയായിരുന്നു.
ധര്‍മ്മപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത യുധിഷ്ഠിരനു നേരിടേണ്ടി വന്ന പരീക്ഷണങ്ങളും അധികമായിരുന്നു. അതില്‍ പലതും യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠയേയും സത്യസന്ധതയേയും ചോദ്യം ചെയ്യുന്നതും, അദ്ദേഹത്തെ അധര്‍മ്മിയെന്നു മുദ്രകുത്തുന്ന വിധത്തിലുള്ളതുമായിരുന്നു. അതില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് ദ്രൗപതി കൗരവസഭയില്‍ പണയപ്പണ്ടമായി അപമാനിക്കപ്പെട്ടതും, കുരുക്ഷേത്രയുദ്ധസമയത്ത് അശ്വത്ഥാമാവ് മരിച്ചു എന്നു ദ്രോണരെ തെറ്റിദ്ധരിപ്പിച്ചതുമാണ്. എന്നാല്‍ എന്തുകൊണ്ട് യുധിഷ്ഠിരന്‍ ഇതൊക്കെ ചെയ്തു എന്നതിന് മഹാഭാരതകാരന് കൃത്യമായ ഉത്തരമുണ്ട്.
യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠ ഏറെ ശ്രദ്ധ നേടുവാനും ചര്‍ച്ച ചെയ്യപ്പെടുവാനും കാരണം ദുര്യോധനന്റെ അധര്‍മ്മപ്രവൃത്തികളാണ്. ഇരുട്ടുകൊണ്ടാണ് വെളിച്ചം തിരിച്ചറിയപ്പെടുന്നത് എന്നതുപോലെ അധര്‍മ്മികളുടെ പ്രവൃത്തികള്‍ ധര്‍മ്മത്തിന് കൂടുതല്‍ പ്രഭ നല്‍കുന്നു. മാനവധര്‍മ്മത്തിന് കോട്ടം വരാത്ത രീതിയില്‍ വ്യക്തിധര്‍മ്മവും ഭര്‍തൃധര്‍മ്മവും രാജധര്‍മ്മവും അനുഷ്ഠിക്കുന്ന യുധിഷ്ഠിരന്റെ നേരെ വിപരീതസ്വഭാവമായിരുന്നു ദുര്യോധനന്റേത്. കൗരവസഭയിലേക്ക് പഞ്ചാലിയെ ബലമായി കൊണ്ടുവന്ന ഒറ്റസംഭവംകൊണ്ട് ദുര്യോധനന്റെ പക്ഷം പിടിച്ചിരുന്ന കുറേപ്പേരെങ്കിലും മാറിച്ചിന്തിക്കുവാന്‍ തുടങ്ങി. ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ധര്‍മ്മപുത്രര്‍ ദുര്യോധനനെതിരെ ഒരു മാനസികയുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പാഞ്ചാലീവസ്ത്രാക്ഷേപം നടന്ന സന്ദര്‍ഭത്തെ ധര്‍മ്മമനുവദിക്കുന്ന തരത്തിലുള്ള പ്രതികാരമാക്കി മാറ്റുവാന്‍ യുധിഷ്ഠിരനു സാധിച്ചു. തീണ്ടാരിയായി ഒറ്റവസ്ത്രമുടുത്തു ധൃതരാഷ്‌ട്രനു മുന്നില്‍ പാ
ഞ്ചാലി വന്നു നില്‍ക്കുന്നതു കാണുമ്പോള്‍ ഭൂരിഭാഗമാളുകളും മനസ്സുകൊണ്ട് ദുര്യോധനനെ നിന്ദിക്കുമെന്ന് യുധിഷ്ഠിരന്‍ മനസ്സിലാക്കിയിരുന്നു. അത് ഒരുതരത്തില്‍ പാണ്ഡവരുടെ വിജയമാണെന്നും, ആ വിജയം കൗരവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ സഹായിക്കുമെന്നും തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് പഞ്ചാലിയോട് സഭയിലേക്ക് വരുവാനുള്ള സന്ദേശം യുധിഷ്ഠിരന്‍ ഭൃത്യന്റെ പക്കല്‍ കൊടുത്തുവിട്ടതും.
ധര്‍മ്മിഷ്ഠന്‍ മാത്രമല്ല, ഒരു മികച്ച നയതന്ത്രജ്ഞന്‍ കൂടിയാണ് യുധിഷ്ഠിരന്‍ എന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. ഒരു മികച്ച ഭരണാധികാരിക്ക്, ജനസംരക്ഷണം ചുമതലയായിട്ടുള്ള രാജാവിന് സത്യത്തിനുവേണ്ടി ഇത്തരം നയതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രയോഗിക്കണം എന്നതാണ് യുധിഷ്ഠിരന്‍ കാണിച്ചു തരുന്നത്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനു വേണ്ടി അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ രാഷ്‌ട്രതന്ത്രപരമായ ബാധ്യത കൂടിയാണ്.
യുധിഷ്ഠിരന്‍ ഒരു പാഠപുസ്തകം
യുധിഷ്ഠിരന്റെ ജനനസമയത്തു കേട്ട അശരീരിയിലെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ചിന്തകളും പ്രവൃത്തിയും. സത്യവും ധര്‍മ്മവും ലംഘിക്കത്തക്ക വിധത്തിലുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കുവാന്‍ ധര്‍മ്മപുത്രര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് വ്യാസമുനിധര്‍മ്മപുത്രരെ ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനെന്നും സത്യവാക്കെന്നും വിശേഷിപ്പിച്ചത്.
സാധാരണക്കാരനായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ കടന്നുപോകാനിടയുള്ള മിക്ക സാഹചര്യങ്ങളിലൂടെയും യുധിഷ്ഠിരന്‍ കടന്നുപോയിട്ടുണ്ട്. അനുകൂലമോ പ്രതികൂലമോ ആയ സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹം സത്യധര്‍മ്മാദികളെ വെടിഞ്ഞില്ലെന്നു മാത്രമല്ല അവയ്‌ക്കു വേണ്ടിയാണ് നിലനിന്നത്. അതാണ് യുധിഷ്ഠിരന്റെ ബലവും. സ്വര്‍ഗ്ഗപ്രവേശനസമയത്തുപോലും തന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ല. ധര്‍മ്മപുത്രര്‍ നേരിട്ടിട്ടുള്ള പരീക്ഷണങ്ങളിലെ അനന്യമായ പരീക്ഷണം മഹാപ്രസ്ഥാനത്തിലേതായിരുന്നു. യുധിഷ്ഠിരനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ വന്ന ദേവേന്ദ്രനോട് വഴിയില്‍ തന്നോടൊപ്പം കൂടിയ നായയെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചാലേ താനും സ്വര്‍ഗ്ഗത്തിലേക്ക് വരൂ എന്നു നിര്‍ബന്ധം പിടിച്ച യുധിഷ്ഠിരനെയാണല്ലോ മഹാഭാരതത്തില്‍ കാണുന്നത്. നായയുടെ രൂപത്തില്‍ വന്ന ധര്‍മ്മദേവന്‍ ധര്‍മ്മത്തിന്റെ ശാശ്വതവിജയമായി ഇതിനെ കാണുന്നു. ധര്‍മ്മപുത്രര്‍ നേടിയ ഈ വിജയം വരുംതലമുറകള്‍ക്കു പകര്‍ന്നു നല്‍കേണ്ട ഒന്നാണ്.
സമകാലിക സാഹചര്യത്തില്‍ സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി അച്ഛനമ്മമാരെയും സഹോദരങ്ങളെയും പ്രണയിക്കുന്നവരെയും കൊന്നുതള്ളാന്‍ മടിയില്ലാത്ത തലമുറയ്‌ക്ക് യുധിഷ്ഠിരന്‍ ഒരു പാഠപുസ്തകമാണ്. കേവലം ഒരു നായയ്‌ക്കു വേണ്ടി സ്വര്‍ഗ്ഗീയ സുഖങ്ങള്‍ ത്യജിക്കാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രായോഗിക രാഷ്‌ട്രീയക്കാരനായ ഒരു സാമ്രാജ്യാധിപന്റെയുള്ളിലെ മഹാസംന്യാസിയുടെ ത്യാഗശക്തിയും ഇവിടെ പ്രസക്തമാണ്. സ്വന്തം ലാഭത്തിനു വേണ്ടി മാത്രം നാടുഭരിക്കുന്ന ഇന്നത്തെ രാഷ്‌ട്രീയക്കാര്‍ക്ക് യുധിഷ്ഠിരന്‍ ഒരത്ഭുതം തന്നെയാകും.
മുപ്പത്തിയാറു വര്‍ഷം മികച്ച രീതിയില്‍ രാജ്യഭരണം നടത്തിയ ധര്‍മ്മപുത്രര്‍ ഒരു വ്യക്തിയെന്ന നിലയിലും കുടുംബനാഥനെന്ന നിലയിലും ഭരണാധിപന്‍ എന്ന നിലയിലും വിജയിച്ചു കാണിച്ചുതന്ന മനുഷ്യമാതൃകയാണ്. ഒരു സംന്യാസിയുടെ മനസ്സോടെ വ്യക്തിസുഖങ്ങളെക്കാള്‍ പ്രാധാന്യം കൊടുത്തത് ധര്‍മ്മചിന്തയ്‌ക്കാണ്. വൈകാരികമായ ആസക്തികള്‍ക്കുമേല്‍ ധര്‍മ്മബോധത്തിന്റെ നിയന്ത്രണം സ്വയമേല്‍പ്പിക്കാന്‍ യുധിഷ്ഠിരന് സാധിച്ചിരുന്നു. ജീവിതത്തില്‍ ആകെ പറ്റിയ തെറ്റും അബദ്ധവും ചൂതുകളിയാണെന്നും, അത് മനുഷ്യസഹജമായ ദൗര്‍ബല്യംകൊണ്ട് സംഭവിച്ചതാണെന്നും മഹാഭാരതത്തില്‍ത്തന്നെ പറയുന്നുണ്ട്.
എന്തുകൊണ്ട് ധര്‍മപുത്രര്‍?
സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ യുധിഷ്ഠിരന്‍ എന്തിനാണ് യുദ്ധക്കളത്തില്‍ ദ്രോണരെ തെറ്റിദ്ധരിപ്പിച്ച് വധിക്കാന്‍ കൂട്ടുനിന്നത് എന്നതാണ് യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠയ്‌ക്കെതിരെ ഉയരുന്ന ഏറ്റവും ഗുരുതരമായ ആരോപണം. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ തന്റെ ഗ്രന്ഥത്തില്‍ അതിനുള്ള മറുപടി നല്‍കുന്നുണ്ട്. അതിങ്ങനെയാണ് ”യുദ്ധശാസ്ത്രത്തിലും അതിന്റെ പ്രയോഗത്തിലും പ്രതിദ്വന്ദ്വികളില്ലാത്ത ഒരു ഗുരുശ്രേഷ്ഠന്‍ അധര്‍മ്മത്തിന്റെ പക്ഷമാണെന്നറിഞ്ഞുകൊണ്ടുതന്നെ ആ പക്ഷത്ത് അധര്‍മ്മത്തെയാണ് സേവിക്കുന്നതെന്ന ചളിപ്പും ഉളുപ്പും കൂടാതെ നിലകൊള്ളുമ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികമഹത്വം ഇടിഞ്ഞു പൊളിഞ്ഞു വീഴുകയാണ്.
ലോകത്തിലേക്കു വീഴാന്‍ പോകുന്ന യുദ്ധഭീകരതയുടെ, പരിഹാരമില്ലാത്ത സര്‍വ്വനാശത്തിന്റെ മഹാവിപത്ത് ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും യുദ്ധത്തിലേക്കു തന്നെ എടുത്തുചാടിയ, രാജ്യലോഭിയായ ദുര്യോധനനെ അര്‍ത്ഥദാസ്യത്തിന്റെ പേരില്‍ ദ്രോണര്‍ പിന്തുണച്ചത് ഗുരുനാഥനും ജ്ഞാനിയുമെന്ന നിലയില്‍ അദ്ദേഹം ചെയ്യരുതാത്തതായിരുന്നു. അജയ്യശക്തിയുള്ള ദ്രോണരുടെ ജീവിതത്തേക്കാള്‍ മഹത്താണ് ലോകധര്‍മം. ലോകധര്‍മ്മവും ദ്രോണരുടെ ജീവിതവുമായി ഒരു സംഘര്‍ഷം അനിവാര്യമാകുമ്പോള്‍ ദ്രോണരെ കയ്യൊഴിച്ച് ലോകധര്‍മ്മം രക്ഷിക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ധര്‍മ്മരക്ഷണാര്‍ത്ഥമായിരുന്നു ആ നുണ.” ധര്‍മ്മപുത്രരുടെ നാവില്‍നിന്നു വന്ന ആ നുണ കാലത്തിന്റെ ആവശ്യമായിരുന്നു. ഭൂമിയില്‍ അധര്‍മ്മം കൊടികുത്തി വാഴുമ്പോള്‍ ധര്‍മ്മപുനഃസ്ഥാപനത്തിനായി ഭഗവാന്‍ അവതരിക്കുമെന്നാണ് ഭാരതീയവിശ്വാസം. അങ്ങനെ ധര്‍മ്മസംസ്ഥാപനത്തിനായി അവതരിച്ച ഭഗവാന്‍ കൃഷ്ണന്റെ ലക്ഷ്യത്തിനുള്ള പിന്തുണയായിരുന്നു ആ നുണ. അധര്‍മ്മത്തിന് പിന്തുണ നല്‍കുന്ന ഒരു ഗുരുവിന് വരുംതലമുറയെ നയിക്കാനുള്ള അവകാശം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ യുധിഷ്ഠിരന്റെ പ്രവൃത്തിയെ ധര്‍മ്മരക്ഷയ്‌ക്കുള്ള മാര്‍ഗ്ഗമായിതന്നെ കണക്കാക്കാം.
ഇങ്ങനെ പല കാരണങ്ങള്‍കൊണ്ടും മഹാഭാരതത്തിലെ മനുഷ്യകഥാപാത്രങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന കഥാപാത്രമാണ് ധര്‍മ്മപുത്രര്‍. മനുഷ്യന് മാതൃകയാകേണ്ടത് അങ്ങനെയൊരാള്‍ തന്നെയാണ്. ദൈവത്തെപ്പോലെയാകുവാന്‍ ശ്രമിക്കാതെ നമ്മുടെ ഓരോരുത്തരുടെയുള്ളിലും ദൈവമുണ്ടെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഉള്ളില്‍ ഈശ്വരാംശമുണ്ടെന്ന തിരിച്ചറിവാണ് മനുഷ്യനെ ധര്‍മ്മത്തിലേക്കും ഈശ്വര സാക്ഷാത്കാരത്തിലേക്കും നയിക്കുന്നത്. ഭൂമിയിലെ ജീവിതത്തില്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട അല്ലെങ്കില്‍ തിരിച്ചറിയേണ്ട കാര്യങ്ങളാണ് വ്യാസന്‍ ധര്‍മ്മപുത്രരിലൂടെ കാണിച്ചു തരുന്നത്. വനവാസത്തിന്റെ അവസാനകാലത്ത് യക്ഷന്‍ ധര്‍മ്മപുത്രരോട് ചോദിക്കുന്ന ചോദ്യങ്ങളും, അതിന് അദ്ദേഹം നല്‍കുന്ന ഉത്തരവും മഹാഭാരതത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആ ചോദ്യോത്തരങ്ങള്‍ ഭൂമിയിലെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഭൂമിയേക്കാള്‍ ഭാരമുള്ളതും ആകാശത്തേക്കാള്‍ ഉയര്‍ന്നതും കാറ്റിനേക്കാള്‍ വേഗമുള്ളതും വൈക്കോലിനേക്കാള്‍ എണ്ണമുള്ളതും എന്താണ് എന്ന യക്ഷന്റെ ചോദ്യത്തിന്, ഒരാളുടെ അമ്മ ഭൂമിയേക്കാള്‍ ഭാരമുള്ളതാണെന്നും ആകാശത്തേക്കാള്‍ ഉയര്‍ന്നത് അച്ഛനാണന്നും കാറ്റിനേക്കാള്‍ വേഗമുള്ളത് മനസ്സാണെന്നും വൈക്കോലിനേക്കാള്‍ എണ്ണമുള്ളത് മനുഷ്യന്റെ ആശങ്കകള്‍ക്കാണെന്നും യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ഈ ഉത്തരങ്ങള്‍ മനുഷ്യന്‍ എന്നും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. അഹങ്കാരം ത്യജിച്ചാല്‍ ഒരുവന്‍ ഏവര്‍ക്കും പ്രിയങ്കരനാകുമെന്നും ആഗ്രഹം ത്യജിച്ചാല്‍ സമ്പന്നനാകുമെന്നും, അത്യാഗ്രഹം ത്യജിച്ചാല്‍ സന്തോഷം ലഭിക്കുമെന്നുള്ള സത്യങ്ങള്‍ യുധിഷ്ഠിരന്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രപഞ്ച ജീവിതത്തിന്റെ മഹാനായകന്‍
മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ നായകനാകുമ്പോള്‍ കൃഷ്ണന്‍ ആരാണ് എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. മഹാഭാരതത്തില്‍ കൃഷ്ണനെ ജനിമൃതികളില്ലാത്ത തത്ത്വമായിട്ടാണ് അവതരിപ്പിക്കുന്നത്. ആദിയും അന്തവുമില്ലാത്ത പരമാത്മപ്പൊരുളാണ് ഭഗവാന്‍ കൃഷ്ണന്‍. അദ്ദേഹത്തിന് ഈ ലോകത്തിന്റെ ബന്ധനങ്ങളില്ല. ദേശകാലസംഭവങ്ങളുടെ ബന്ധനത്തില്‍പ്പെട്ട ഒരാള്‍ക്കേ ജീവിതകഥയുണ്ടാകൂ. അവര്‍ക്കു മാത്രമേ കഥാപാത്രവും മനുഷ്യനുമാകാന്‍ കഴിയൂ. അതുകൊണ്ടുതന്നെയാണ് മഹാഭാരതത്തിലെ നായകകഥാപാത്രം ധര്‍മ്മപുത്രരാകുന്നത്. ‘മഹാഭാരതം മനുഷ്യകഥയുടെ സമഗ്രാഖ്യാനമായിരിക്കുന്നതുപോലെ പ്രപഞ്ചത്തിന്റെ ജീവിതാഖ്യാനം കൂടിയാണ്. അതുകൊണ്ടുതന്നെ സ്ഥൂലദൃഷ്ടിയില്‍ നായകന്‍ ധര്‍മ്മപുത്രരും സൂക്ഷ്മദൃഷ്ടിയില്‍ അത് കൃഷ്ണനുമാണെന്നും കാണാം’.
മനസ്സിലെ അഹങ്കാരവും അത്യാഗ്രഹവും ത്യജിച്ച് ധര്‍മ്മപുത്രരെപ്പോലെയാകുവാന്‍ മനുഷ്യര്‍ക്കാവും. എന്നാല്‍ കൃഷ്ണനിലേക്കെത്തുക, ഈശ്വരസാക്ഷാത്കാരം നേടുക എന്നത് അത്ര എളുപ്പത്തില്‍ സാധിക്കാവുന്ന ഒന്നല്ല. അതിന് കഠിനമായ സാധനകള്‍ ആവശ്യമാണ്. ആരംഭിച്ചതിനൊക്കെ അവസാനമുണ്ടെന്ന സനാതനനിയമത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ഏറ്റവും മികച്ച രീതിയില്‍ ധര്‍മ്മബോധമുള്ളവരായിത്തന്നെ ജീവിതം ജീവിച്ചു തീര്‍ക്കണമെന്ന സന്ദേശവും മഹാഭാരതം നല്‍കുന്നു. മഹാഭാരതത്തെക്കുറിച്ചും ധര്‍മ്മപുത്രരെ കുറിച്ചും കൃഷ്ണനെക്കുറിച്ചുമൊക്കെ വിശാലമായ ചിന്തകളിലേക്ക് വായനക്കാരെ ഉണര്‍ത്തി വിടുന്ന തരത്തിലാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്: ”മഹാഭാരതം ധാര്‍മ്മികജീവിതത്തിന്റെ അനുശാസനേതിഹാസമാണ്. ധര്‍മ്മപുത്രര്‍ മനുഷ്യര്‍ക്ക് പ്രായോഗികമായി അനുകരിക്കാവുന്ന ധര്‍മ്മനായകനും. കൃഷ്ണന്റെ ചുവടുകള്‍ മാത്രമേ നാം മഹാഭാരതത്തില്‍ കാണുന്നുള്ളൂ. അവിടുന്ന് പ്രപഞ്ചജീവിതത്തിന്റെ നായകനാണ്. ധര്‍മ്മപുത്രര്‍ മനുഷ്യന്റെ പ്രാപ്യലക്ഷ്യവും കൃഷ്ണന്‍ ദുഷ്പ്രാപ്യലക്ഷ്യവും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: