ന്യൂദല്‍ഹി: അടിമുടി റെബലായ സംവിധായകന് അനുരാഗ് കശ്യപ് മോദി സര്‍ക്കാരിനും പൗരത്വബില്ലിനും ഹിന്ദുത്വ വിരുദ്ധ നിലപാടുകളിലും മുന്നണിപ്പോരാളിയായിരുന്നു. പലപ്പോഴും ബോളിവുഡില്‍ സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ തിരിച്ചുവിട്ട വ്യക്തിയായിരുന്നു സംവിധായകന് അനുരാഗ് കശ്യപ്.
പക്ഷെ ജീവിതത്തില്‍ തിരിച്ചടികള്‍ ഏറെ കിട്ടിയ ശേഷം ഇപ്പോള്‍ അനുരാഗ് കശ്യപ് നിശ്ശബ്ദനും ഉള്‍വലിഞ്ഞ വ്യക്തിയുമാണ്. നേരത്തെ ട്വിറ്ററില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അനുരാഗ് കശ്യപ് ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പിന്‍വലിച്ചു.
മൂന്ന് തവണയാണ് മാനസികാഘാതം മൂലം അദ്ദേഹം തിരിച്ചുവരവിനായി റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ പോയത്. ഇപ്പോഴും വിഷാദരോഗത്തില്‍ നിന്നും പൂര്ണ്ണമുക്തനല്ല. ഒരു തവണ ഹൃദയാഘാതവും വന്നു. മകള്‍ക്ക് ഭീഷണി വന്നു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. അതോടെ നിശ്ശബ്ദമാകാന്‍ തുടങ്ങിയെന്ന് അനുരാഗ് കശ്യപ് പറയുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്തും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ പോരാടിയിരുന്ന വ്യക്തിയായിരുന്ന അനുരാഗ് കശ്യപ് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ സമരത്തിലും പങ്കെടുത്തു. ഈ സമരങ്ങളാണ് പിന്നീട് ദല്‍ഹി കലാപത്തിലേക്ക് നയിക്കപ്പെട്ടത്. 53 പേര് കൊല്ലപ്പെട്ടു. അന്ന് പ്രകോപന പ്രസംഗത്താല്‍ കലാപത്തിന് വഴിമരുന്നിട്ട ഉമര്‍ ഖാലിദ് യുഎപിഎ പ്രകാരം ജയിലിലാണ്.
എന്നാല്‍ പഴയ പോരാളിയായ അനുരാഗ് കശ്യപ് ഇന്നില്ല. ഇന്ന് രോഗവും ഹൃദയാഘാതവും തളര്‍ത്തിയ വ്യക്തിയാണ്. ഗാംഗ്സ് ഓഫ് വാസ്യുപര് ആയിരുന്നു അദ്ദേഹത്തെ ബോളിവുഡില്‍ പ്രശസ്തനാക്കിയ ചിത്രം. വ്യക്തിപരമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ ആരും എത്തിയില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: