ദോഹ: അറബി രാജ്യങ്ങളിലെല്ലാം നോക്കെത്താ ദൂരത്തോളം മരുഭൂമിയാണല്ലോ. ഖത്തറിലെത്തിയതിന്റെ നാലാം ദിവസമാണ് ജീവിത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര ആസ്വദിച്ചത്. മരുഭൂമിയിലൂടെയുള്ള സാഹസിക യാത്രയായിരുന്നു അത്. മലയാളികളും സുഹൃത്തുക്കളുമായ അലനും പ്രശാന്തുമാണ് നാളിതുവരെ കേട്ടറിവുള്ള യാത്രയ്‌ക്ക് മുന്‍കൈയെടുത്തത്. നൂറു കിലോമീറ്ററാണ് മരുഭൂമിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി സാഹസിക യാത്ര നടത്തിയത്.
ഈ അനുപമയാത്രയ്‌ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം കാണിക്കുന്നവര്‍ ചേര്‍ന്ന് തുടങ്ങിയ ടീമില്‍ ഇപ്പോള്‍ 45 രജിസ്റ്റേര്‍ഡ് അംഗങ്ങളുണ്ട്. കൂടാതെ ഡെസേര്‍ട്ട് ഡ്രൈവിങ്ങില്‍ തത്പരരായ 230 പേര്‍ വേറെയും.
പുലര്‍ച്ചെ നാലിന് താമസിക്കുന്നിടത്തുനിന്നിറങ്ങി അലന്റെ വാഹനത്തില്‍ ഡെസേര്‍ട്ട് സഫാരി തുടങ്ങുന്ന മിസൈദിലെത്തി. പത്തനംതിട്ടയും തൃശൂരും മലപ്പുറവും കൊല്ലവും കോഴിക്കോടും വയനാടുമുള്ളവരൊക്കെ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. എല്ലാവര്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് ലക്ഷ്വറി വാഹനങ്ങള്‍. എല്ലാ വാഹനങ്ങളും മോഡിഫൈ ചെയ്ത് ഓഫ് റോഡ് യാത്രയ്‌ക്കു പറ്റിയ രീതിയിലാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പുള്ള ആദ്യപടി ടയറിലെ കാറ്റ് പകുതി ഒഴിവാക്കുക എന്നതായിരുന്നു. എങ്കിലേ മരുഭൂമിയിലൂടെ ഡെസേര്‍ട്ട് സഫാരി സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു.
കൊടുങ്ങല്ലൂരുകാരന്‍ സനൂബ് കരുവത്തിലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വണ്ടിയിലാണ് ഞാന്‍ കയറിയത്. മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഏറെ ആവേശത്തോടെയായിരുന്നു യാത്ര തുടങ്ങിയത്. എന്നാല്‍ പോകെപ്പോകെ ചെറിയ പേടി ഉള്ളിലുണ്ടായി. ഇടയ്‌ക്ക് സനൂബ് ചോദിക്കുന്നുണ്ട്, യാത്ര ഇഷ്ടപ്പെട്ടോ എന്ന്. ഏഴ് വാഹനങ്ങള്‍ അടങ്ങിയ ഒരു ടീമിനൊപ്പമായിരുന്നു യാത്ര. ഒരു ഇരമ്പലിലായിരുന്നു തുടക്കം, പിന്നെ ഒരു പോക്കാണ്. മണല്‍ക്കൂനകള്‍ മുന്നില്‍ കണ്ടപ്പോള്‍ അതില്‍നിന്നൊഴിച്ച് നിരപ്പായ പ്രതലത്തിലൂടെ പോകുമെന്നായിരുന്നു കരുതിയത്. എന്നാല്‍, മണല്‍ക്കൂനകളില്‍ കയറാതെ എന്തു സാഹസികത ഭായ് എന്നായിരുന്നു സനൂബിന്റെ ചോദ്യം. മണല്‍ക്കൂനയുടെ വശങ്ങളിലൂടെ സ്ലൈഡ് ചെയ്ത് വാഹനം ചെരിഞ്ഞ് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു ആന്തലായിരുന്നു.
ആടിയുലഞ്ഞും സ്ലൈഡ് ചെയ്തുമെല്ലാം സനൂബിന്റെ ലാന്‍ഡ് ക്രൂയിസര്‍ മണലാരണ്യത്തില്‍ക്കൂടി കുതിക്കുകയാണ്. ഇടയ്‌ക്ക് ചില സ്ഥലത്ത് ഫോട്ടോയെടുക്കാനായി നിര്‍ത്തും. യാത്രയ്‌ക്കിടെ നിരവധി ഒട്ടകങ്ങളെയും കണ്ടു. അന്‍പതിലേറെ കിലോമീറ്റര്‍ പിന്നിട്ട് സമുദ്രതീരത്താണ് യാത്രയുടെ ആദ്യഘട്ടം അവസാനിച്ചത്. തൊട്ടുമുന്നില്‍ കാണുന്നത് സൗദി അറേബ്യയാണെന്ന് യാത്രാ സംഘത്തിന്റെ ക്യാപ്റ്റനായ തൃശ്ശൂരുകാരന്‍ അഫ്സര്‍ ജലീല്‍ പറഞ്ഞു തന്നു. അതിര്‍ത്തി സമുദ്രത്തിന്റെ ഒരു വശമാണ്. സൗദി അതിര്‍ത്തിയില്‍നിന്നു മടങ്ങുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു യാത്ര സമ്മാനിച്ച ഡുഡ്‌സ് ഓഫ് ഡൂണ്‍സിലെ എല്ലാ അംഗങ്ങളോടും ഒത്തിരി നന്ദി.
സ്ത്രീകളടക്കം കുടുംബമായിട്ടും പോകാറുണ്ട്. രാത്രി മണലാരണ്യത്തിന്റെ സൗന്ദര്യമാസ്വദിച്ച് പുലര്‍ച്ചെയാകും മടങ്ങുക. മരുഭൂമിയില്‍ കുടുങ്ങുന്നവരെ അവിടെയെത്തി രക്ഷപ്പെടുത്തുന്ന സൗജന്യ സേവനവും ഇവര്‍ ചെയ്യുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവിങ് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവര്‍ സൗജന്യമായി കോച്ചിങ്ങും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: