ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് 2023 ജനുവരി 5 ന് അവസാനിക്കും.
ശിവഗിരി തീര്‍ത്ഥാടനം നവതി ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നരബലി തുടങ്ങിയ അനാചാരങ്ങളിലേയ്‌ക്കും അന്ധവിശ്വാസങ്ങളിലേയ്‌ക്കും വഴുതി പോയ സമൂഹത്തിന് ശാസ്ത്രീയ മാര്‍ഗം ചൂണ്ടിക്കാട്ടുന്നതിന് പര്യാപ്തമായ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും തീര്‍ത്ഥാടന ഭാഗമായി സംഘടിപ്പിക്കും.
മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേയ്‌ക്കും യുവാക്കളിലേയ്‌ക്കും വ്യപിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ അതിനെതിരെ ബോധവത്ക്കരണം നല്‍കുന്നതിനാവശ്യമായ പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നതാണ്.
ഡിസംബര്‍ 15 മുതല്‍ മഹാഗുരുപൂജ , പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ വിദ്യാഭ്യാസ വര്‍ദ്ധനവിന് വേണ്ടി പേന പ്രസാദമായി നല്‍കിക്കൊണ്ടുള്ള ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും.
ഡിസംബര്‍ 20 മുതല്‍ 25 വരെ രാവിലെ 10 മുതല്‍ ഗുരുദേവകൃതികളേയും മേല്‍പ്പറഞ്ഞ വിഷയങ്ങളേയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസ്സുകളും നടക്കും.
ഗുരുദേവനുപദേശിച്ച തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അതാത് വിഷങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയവരുടെ പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടക്കും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരുധര്‍മ്മപ്രചരണസഭയുടേയും എസ്.എന്‍.ഡി.പി. യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ വിളംബര സമ്മേളനങ്ങള്‍ നടത്തേണ്ടതാണ്. ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ ഔദ്യോഗികമായ തീര്‍ത്ഥാടന പദയാത്ര നാഗമ്പടം ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കുന്നതാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമായി സംഘടിപ്പിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ ഡിസംബര്‍ 29 ന് ശിവഗിരിയില്‍ എത്തിച്ചേരും.
ശിവഗിരി തീര്‍ത്ഥാടന സന്ദേശം ഇനിയും കടന്നു ചെല്ലാത്ത പ്രദേശങ്ങളിലൂടെ പദയാത്രകള്‍ സംഘടിപ്പിക്കേണ്ടതാണ്.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയുടെ നിറവില്‍ ഇക്കൊല്ലം വിശേഷറാലി സംഘടിപ്പിക്കുന്ന പരിപാടികള്‍ വിജയപ്രദമാക്കുന്നതിന് എല്ലാ ഗുരുഭക്തരും സുമനസുകളും മുന്നോട്ട് വരണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഖജാന്‍ജി ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: